നിയമത്തിൽ ലിംഗ അസമത്വം ചർച്ച ചെയ്യപ്പെടണം

നിയമങ്ങൾ സംരക്ഷണത്തിനാണെങ്കിലും, പല നിയമങ്ങളും ഒരു വിഭാഗത്തിന് എതിരെ ആയുധവുമായി മാറിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്ത നിയമമാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിൻമേലുള്ള കേസ്സുകൾ. ഇതു സംബന്ധിച്ച് ഇന്നലെ കേരള ഹൈക്കോടതി നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പില്‍ ലിംഗ സമത്വമില്ലെന്നാണ്  കേരള ഹൈക്കോടതി നിരീക്ഷണം.

‘വിവാഹ വാഗ്ദാനം നല്‍കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കെതിരെ നടപടിയെടുക്കാന്‍  ഈ നിയമത്തിൽ വ്യവസ്ഥയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. സ്ത്രീ സംരക്ഷണം എന്നപോലെ പുരുഷനേയും സംരക്ഷിക്കപ്പെടണം. അത്തരം പല സ്ത്രീ സംരക്ഷണ നിയമങ്ങളും പുരുഷനെ കുടുക്കാനുള്ള കെണികളായി ഇന്ന് മാറുന്നുണ്ട്.

ദുരുദ്ദേശത്തോടെ ഇത്തരം കെണിയൊരുക്കുന്നവരെ കോടതികൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ അപര്യാപ്തത തന്നെയാണ്. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമര്‍ശം നടത്തിയത്‌. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തുടര്‍ന്ന് ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനത്തില്‍ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല. എന്നാല്‍ ഒരു പുരുഷന്‍, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കുകയും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതാണ് ഈ നിയമത്തിലെ ലിംഗസമത്വ അപര്യാപ്തത വ്യക്തമാക്കിയത്.

നിയമം ലിംഗ സമത്വമുള്ളതായിരിക്കണം.  ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗ വിവേചനം പാടില്ല എന്നാണ്  ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ അഭിപ്രായം .  ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ ലിംഗവിവേചനമുള്ളതാണെന്ന് ഈ വര്‍ഷമാദ്യം മറ്റൊരു വിധിന്യായത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.

അതുകൊണ്ട് തന്നെ നിയമ വിധഗ്ദർ ഭരണകൂടങ്ങൾ നിയമത്തിലെ അസമത്വങ്ങൾ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണം. ഈ ഇലക്ട്രോണിക്ക് യുഗത്തിൽ നാം പഴയകാല നിയമങ്ങൾ അതേപടി പരിപാലിച്ച് പോകുന്നത് അപരിഷ്കൃതമാണ്. ഹൈക്കോടതിയുടെ ഈ പ്രസ്താവന സമൂഹം ചർച്ച ചെയ്യണം.

LatestDaily

Read Previous

മകളെ പീഡിപ്പിച്ച കേസ്സിൽ ഒളിവിലുള്ള പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം: ബാലാവകാശ കമ്മീഷൻ

Read Next

ജെഡിഎസ് ലയനം എൽജെഡി പ്രഖ്യാപിച്ചു