പെരിയ കേന്ദ്ര സർവ്വകലാശാല റിട്ട. അധ്യാപകരുടെ വിഹാര കേന്ദ്രം

കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവ്വകലാശാല സർവ്വീസിൽ നിന്ന് പിരിഞ്ഞ അധ്യാപകരുടെ വിഹാരകേന്ദ്രം. സർവ്വകലാശാലയിൽ നിയമിക്കാൻ എല്ലാവിധത്തിലും ഉയർന്ന യോഗ്യതയുള്ള അധ്യാപകർ കേരളത്തിൽ തന്നെ ആവശ്യത്തിലധികമുള്ളപ്പോഴാണ് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് അമ്പത്തിയാറാം വയസ്സിൽ റിട്ടയർ ചെയ്ത അധ്യാപകരെ വീണ്ടും  അറുപതാം വയസ്സുവരെ പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നിയമിച്ചിട്ടുള്ളത്.

പെരിയ കേരള കേന്ദ്ര സർവ്വകലാശാലയുടെ ആരംഭം മുതലുള്ള ഇൗ നിയമന രീതിക്ക് പിന്നിൽ രാഷ്ട്രീയ സ്വാധീനം ഒന്നുമാത്രമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അനുഭാവികൾക്കാണ് പെരിയ കേരള കേന്ദ്ര സർവ്വകലാശാലയിൽ നാളിതുവരെ നിയമനം നൽകിയിട്ടുള്ളത്. അറുപതാം വയസ്സിൽ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് പിരിഞ്ഞുപോയ വൈസ് ചാൻസിലർ ജി. ഗോപകുമാർ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് 56-ാം വയസ്സിൽ പിരിയുകയും പിന്നീട് പെരിയ കേന്ദ്ര സർവ്വകലാശാലയിൽ വൈസ് ചാൻസിലർ പദവിയിലെത്തുകയും ചെയ്ത അധ്യാപകനാണ്.

ഇപ്പോൾ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ക്ഷാമബത്ത അലവൻസ് ഇനത്തിൽ 10.96 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയ പ്രഫസർ സുധാബാലകൃഷ്ണൻ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് 56-ൽ റിട്ടയർ ചെയ്ത അധ്യാപികയാണ്. 10.96 ലക്ഷം രൂപയാണ് സുധാബാലകൃഷ്ണൻ ഡി. അലവൻസ് ഇനത്തിൽ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയത്. കൊച്ചിൻ യൂണിവേഴ്സ്റ്റി കുസാറ്റിൽ നിന്ന് റിട്ടയർ ചെയ്ത പ്രതാപ ചന്ദ്രക്കുറുപ്പ് പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് 9.20 ലക്ഷം രൂപ ഡി. അലവൻസ് കൈപ്പറ്റി.

തമിഴ്നാട് സ്വദേശി പ്രഫസർ അരുണാചലം പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് 17.77 ലക്ഷം രൂപ ക്ഷാമബത്ത കൈപ്പറ്റി. ഇവർ എല്ലാവരും വിവിധ യൂണിവേഴ്സിറ്റികളിൽ, ആയ കാലങ്ങളിൽ സേവനമനുഷ്ടിച്ച് 56-ാം വയസ്സിൽ പിരിയുകയും പിന്നീട് പെരിയ കേന്ദ്ര സർവ്വകലാശാലയിൽ 60-ാം വയസ്സുവരെ സേവനത്തിൽ കയറുകയും ചെയ്തവരാണ്. കേന്ദ്ര സർക്കാരിന്റെ റിട്ടയർമെന്റ് പ്രായം 60 വയസ്സും സംസ്ഥാന സർക്കാറിന്റെ റിട്ടയർമെന്റ് പ്രായപരിധി 56 വയസ്സുമാണെന്നത് ഇവർക്കെല്ലാം നാലുവർഷക്കാലം കേന്ദ്ര സർവ്വകലാശാലയിൽ സേവനമനുഷ്ടിക്കാൻ എളുപ്പമായി.

ആദ്യം സേവനമനുഷ്ഠിച്ച കേരളത്തിലെയും, ഇതര സംസ്ഥാനങ്ങളിലേയും സർവ്വകലാശാലകളിൽ നിന്ന് ഇവർ പെൻഷനും ക്ഷാമ ബത്തയും കൃത്യമായി കൈപ്പറ്റിയ ശേഷമാണ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് വീണ്ടും ക്ഷാമബത്തയും ശമ്പളവും കൈപ്പറ്റുന്നത്. കേന്ദ്ര സർവ്വകലാശാല അംഗീകരിച്ച ശമ്പള വ്യവസ്ഥയനുസരിച്ച് ക്ഷാമബത്ത ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് മാത്രമെ വാങ്ങാൻ പാടുള്ളു. ഇൗ നിയമം പെരിയ കേന്ദ്ര സർവ്വകലാശാലയിൽ ആദ്യം ലംഘിച്ചത് വൈസ് ചാൻസിലർ ജി. ഗോപകുമാറാണ്.

ഗോപകുമാറിനെ അനുകരിച്ച് പിന്നീട് വന്ന അധ്യാപകർ ഓരോരുത്തരായി പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ലക്ഷങ്ങൾ വരുന്ന പണം  ക്ഷാമബത്തയിനത്തിൽ എഴുതിയെടുക്കുകയായിരുന്നു. 56-ാം വയസ്സിൽ റിട്ടയർ ചെയ്ത ഇത്തരക്കാരുടെ പുനർ നിയമന ഉത്തരവ് മുഴുവൻ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊണ്ടുള്ള താണ്. ഒരിടത്ത് നിന്ന് ക്ഷാമബത്ത വാങ്ങുന്നില്ലെന്ന് മറ്റൊരു സർവ്വകലാശാലയുടെ ക്ഷാമബത്ത വാങ്ങുമ്പോൾ സത്യപ്രസ്താവന എഴുതിക്കൊടുക്കണം. പകരം രണ്ട് സർവ്വകലാശാലകളിൽ നിന്നും ക്ഷാമബത്ത എഴുതി വാങ്ങിയ തട്ടിപ്പാണ് ഓഡിറ്റിൽ ഇപ്പോൾ പിടിക്കപ്പെട്ടത്.

LatestDaily

Read Previous

പിലിക്കോട് ബാങ്ക് സ്വർണ്ണത്തട്ടിപ്പിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് സിപിഎം

Read Next

ഇന്റലിജൻസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ