സഹകരണ പരിശീലന കോളേജ് ശിലാ സ്ഥാപനച്ചടങ്ങിൽ എംഎൽഏമാർക്ക് മുകളിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ

നീലേശ്വരം: കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജിന്റെ ശിലയിടൽ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ ലംഘനം. ജില്ലയിലെ അഞ്ച് എംഎൽഏമാർക്ക് മുകളിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി കയറിക്കൂടിയത് ബോധപൂർവ്വമാണെന്ന് ആരോപണമുയർന്നു. മെയ് 30-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നീലേശ്വരം പാലാത്തടം കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ് ഓഡിറ്റോറിയത്തിൽ സഹകരണ മന്ത്രി വി.എൻ. വാസവനാണ് സഹകരണ പരിശീലന കോളേജ് കെട്ടിടത്തിന് ശിലയിടുന്നത്.

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലൻ അധ്യക്ഷനാണ്. ചടങ്ങിൽ പ്രോട്ടോക്കോൾ പ്രകാരം റിപ്പോർട്ട് അവതരിപ്പിക്കേണ്ടത് സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല അബ്ദുല്ലയാണ്. രജിസ്ട്രാർക്ക് പകരം ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിക്കുന്നത് മുൻ എം.പി, പി. കരുണാകരനാണ്. ഇതും പ്രോട്ടോക്കോൾ ലംഘനമാണ്.

മന്ത്രി വി.എൻ. വാസവൻ ശിലയിട്ട ശേഷം മുഖ്യാതിഥികൾക്ക് സംസാരിക്കാനുള്ള അവസരങ്ങളാണ്. ക്ഷണക്കത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പേരിന് തൊട്ടുതാഴെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിയുടെ പേരിനും താഴെയാണ് ജില്ലയിലെ നാല് എംഎൽഏമാരുടെയും പേരുകൾ അച്ചടിച്ചിട്ടുള്ളത്. ബേബി പ്രസംഗിച്ചതിന് ശേഷം ജില്ലയിലെ എംഎൽഏമാരായ ഏ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, സി.എച്ച് കുഞ്ഞമ്പു , എൻഏ നെല്ലിക്കുന്ന് എന്നിവരെ പ്രാസംഗികരാക്കി തരം താഴ്ത്തിയിരിക്കുകയാണ്.

പ്രോട്ടോക്കോൾ അനുസരിച്ച് മന്ത്രിക്ക് തൊട്ടുതാഴെ പാർലിമെന്റംഗവും , അതിന് താഴെ എംഎൽഏമാരുമാണ് ചടങ്ങിൽ സംസാരിക്കേണ്ടതെങ്കിലും, നാലു എംഎൽഏമാർക്കും മുകളിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.ബേബി പ്രസംഗിക്കുന്നത് ആരുടെ താൽപ്പര്യമാണെന്ന് ക്ഷണക്കത്തിൽ പേര് അച്ചടിച്ച എംഎൽഏമാരിൽ ഒരാൾ ചോദിച്ചു.

ശിലാസ്ഥാപന ക്ഷണക്കത്തിൽ പരിപാടി വിജയിപ്പിക്കാൻ ജനങ്ങളെ ക്ഷണിക്കുന്നത് സ്വാഗതസംഘം ചെയർമാൻ മുൻ എം.പി, പി. കരുണാകരനാണ്. മന്ത്രി പങ്കെടുക്കുന്നതും പ്രോട്ടോക്കോൾ തെറ്റിച്ചതുമായ ചടങ്ങിൽ സംബന്ധിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കുമെന്ന് ചടങ്ങിൽ തരംതാഴ്ത്തപ്പെട്ട നാലു എംഎൽഏമാരിൽ രണ്ടുപേർ ചോദിച്ചു.

LatestDaily

Read Previous

കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ ചെലവ് നാല് ലക്ഷത്തോളം

Read Next

കറുകൻ അശോകൻ സ്വർണ്ണം വിറ്റത് കണ്ണൂർ ജ്വല്ലറിയിൽ