അധ്യാപകനെ പുറത്താക്കാൻ പാർട്ടി തീരുമാനം

കാഞ്ഞങ്ങാട് : പ്ലസ് വൺ ആൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പോക്സോ കേസ്സിൽ പ്രതിയായ അധ്യാപകൻ അതിയാമ്പൂരിലെ കെ.വി.ബാബു രാജിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. അജാനൂർ സിപിഎം ഫസ്റ്റ് ലോക്കലിൽപ്പെട്ട കാലിക്കടവ് ബ്രാഞ്ച് ഇന്നലെ യോഗം വിളിച്ചു ചേർത്താണ് കെ.വി.ബാബുരാജിനെ 43, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.

പാർട്ടി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം മൂലക്കണ്ടം പ്രഭാകരൻ സംബന്ധിച്ച ബ്രാഞ്ച് യോഗത്തിൽ പതിനൊന്ന് പാർട്ടി അംഗങ്ങൾ സംബന്ധിച്ചു. ബാബുരാജിനെതിരെ നേരത്തെ തന്നെ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് ഒരു പാർട്ടി അംഗം യോഗത്തിൽ ഉന്നയിച്ചു. ഇംപാക്ട് കോളേജിന്റെ സ്ഥാപകനും ഉടമയുമായ ബാബുരാജിനെതിരെ ഇത് മൂന്നാം തവണയാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡന ആരോപണം ഉയർന്നത്.

പാർട്ടി ബ്രാഞ്ച് കമ്മിറ്റി തീരുമാനം അജാനൂർ ഫസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തു. എൽസി തീരുമാനം ഏരിയാ കമ്മിറ്റിക്കും ഏസി തീരുമാനം ജില്ലാകമ്മിറ്റിക്കും അറിയിക്കും. ലൈംഗിക പീഡനക്കേസ്സിൽ പോക്സോ നിയമം കൂടി ചുമത്തിയിട്ടുള്ളതിനാൽ ഇപ്പോൾ ജില്ലാ ജയിലിൽ റിമാന്റ് തടവിൽ കഴിയുന്ന ബാബുരാജിന്റെ ജാമ്യം എളുപ്പമാകില്ല.

90 ദിവസത്തിന് മുമ്പുതന്നെ പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയാൽ, വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തുവർഷം കൊണ്ട് സാമാന്യം പേരെടുത്ത പാരലൽ കോളേജാണ് ഇംപാക്ട്. കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാന്റിന് പിറകിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. ബാബുരാജിന്റെ ഭാര്യ  മംഗളൂരു സ്വദേശിയാണ്. പേരുകേട്ട മംഗളൂരു സെന്റ് അലോഷ്യസ് കോളേജിൽ അസിസ്റ്റന്റ് പ്രഫസറാണ് ഭാര്യ.

LatestDaily

Read Previous

അമ്മയും-കുഞ്ഞും ആശുപത്രിയോടുള്ള അവഗണന, കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്

Read Next

ധനേഷിന്റെ മൃതദേഹം നാട്ടിലെത്താൻ വൈകും