ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കവർച്ചാ കേസിൽ റിമാന്റിലുള്ള കറുകവളപ്പിൽ അശോകനെ ഹോസ്ദുർഗ്ഗ് പോലീസ് കോടതിയുടെ അനുമതിയോടെ നാളെ കസ്റ്റഡിയിൽ വാങ്ങും. മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ചുമട്ട് തൊഴിലാളി അനിലിന്റെ ഭാര്യ വിജിതയെ അടിച്ചു വീഴ്ത്തി സ്വർണ്ണം കവർന്ന കേസിന്റെ തുടരന്വേഷണത്തിനാണ് ഹോസ്ദുർഗ്ഗ് പോലീസ് അശോകനെ കസ്റ്റഡിയിൽ വാങ്ങുന്നത്. മടിക്കൈയുടെ സ്വൈര്യം കെടുത്തിയ കറുകവളപ്പിൽ അശോകനെ ഒളിവിൽക്കഴിയുന്നതിനിടെയാണ് കൊച്ചി മറൈൻഡ്രൈവിൽ നിന്ന് മടിക്കൈ സ്വദേശികളായ വിനോദയാത്രാ സംഘം കണ്ടെത്തിയത്.
മടിക്കൈ യുവാക്കൾ നടത്തിയ സമർത്ഥമായ നീക്കത്തിലാണ് അശോകനെ പോലീസ് കുടുക്കിയത്. ഹോസ്ദുർഗ്ഗ്, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി 3 കവർച്ചാ കേസുകളാണ് കറുകവളപ്പിൽ അശോകനെന്ന അഭിയുടെ പേരിലുള്ളത്. തായന്നൂരിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും സ്വർണ്ണം, മൊബൈൽ ഫോൺ, പണം എന്നിവ മോഷ്ടിച്ച കേസിലും,കാഞ്ഞിരപ്പൊയിലിൽ മാധവിയുടെ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് 30,000 രൂപ മോഷ്ടിച്ച കേസിലും അശോകൻ പ്രതിയാണ്. വിജിതയെ അടിച്ചുവീഴ്ത്തി സ്വർണ്ണം കവർന്ന സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അശോകൻ നാട്ടിൽ നിന്നും മുങ്ങിയത്.
പോലീസ് സർവ്വ സന്നാഹവുമായി മടിക്കൈയിലെ കാട് മൂടിക്കിടന്ന പ്രദേശങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് അശോകൻ നാട്ടിൽ നിന്നും മുങ്ങി എറണാകുളത്ത് പൊങ്ങിയത്. മടിക്കൈ തോട്ടിനാട്ടെ ചെഗുവേര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ യാദൃശ്ചികമായാണ് അശോകനെ കൊച്ചി മറൈൻ ഡ്രൈവിൽ കണ്ടെത്തിയത്. ആഴ്ചകളോളം മടിക്കൈയുടെ ഉറക്കം കെടുത്തിയ അശോകനെ തന്ത്രപൂർവ്വം പോലീസ് കെണിയിൽ കുടുക്കിയ ക്ലബ്ബ് പ്രവർത്തകർക്ക് നാട്ടിൽ നിന്നും അനുമോദനങ്ങളുടെ പ്രവാഹമാണ്.