പോലീസിന്റെ നഷ്ടപ്പെട്ട മാനം മടിക്കൈ യുവാക്കൾ വീണ്ടെടുത്തു, അശോകനെ ഇന്ന് കാഞ്ഞങ്ങാട്ടെത്തിക്കും

മടിക്കൈ : രണ്ട് മാസക്കാലം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ അശോകൻ അവസാനം കുടുങ്ങിയതും നാട്ടുകാർക്ക് മുന്നിൽ. സകല സന്നാഹങ്ങളുമായി കാഞ്ഞിരപ്പൊയിലിലെ കാട്ടിനുള്ളിൽ പോലീസും നാട്ടുകാരും ഒരുമാസത്തോളം തെരച്ചിൽ നടത്തിയിട്ടും പിടികൊടുക്കാത്ത അശോകനെ കുടുക്കിയത് വിനോദ യാത്രയ്ക്ക് പോയ നാട്ടുകാർ. കാഞ്ഞിരപ്പൊയില്‍ പെരളത്ത് വീട്ടില്‍ അശോകന്‍ എന്ന അഭിയെയാണ്. മടിക്കൈ തോട്ടിനാട്ടെ ചെഗ്വേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്ന് തിങ്കള്‍ വൈകീട്ട് 5-ന് പൊക്കിയത്.

എറണാകുളം ഇൗസ്റ്റ് പോലീസ് സ്റ്റേഷനിലുള്ള അശോകനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരാനായി ഹൊസ്ദുർഗ്ഗ് എസ്ഐ, കെ.പി. സതീഷ്കുമാറും, പോലീസുകാരായ കമൽ, ദീപു എന്നിവരും ഇന്നലെ രാത്രി തന്നെ യാത്ര തിരിച്ചു. ഇന്ന് രാത്രി 9 മണിയോടെ കാഞ്ഞങ്ങാട്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്ക് വിനോദയാത്ര പോയ യുവാക്കള്‍ മറൈൻ ഡ്രൈവിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ യാദൃശ്ചികമായി അശോകനോട് സാദൃശ്യമുള്ള ഒരാളെയും, മറ്റൊരാളെയും അവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവര്‍ ഫോട്ടോയെടുത്ത് നാട്ടിലേക്ക് അയച്ചു. ഇതിനിടെ നടന്നു നീങ്ങിയ സംഘത്തിന് പിന്നാലെ ഇവരും കൂടി.

അശോകനും കൂട്ടാളിയും ഒരു മൊബൈല്‍ കടയില്‍ കയറി ഒരു മൊബൈല്‍ വിറ്റു. ഇതിനിടെ ഫോട്ടോ അശോകനെന്ന് സ്ഥിരീകരിച്ച് സന്ദേശമെത്തി. ചെറുപ്പക്കാര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ വിവരമറിയിക്കുകയും, കാഞ്ഞങ്ങാട്ട് നിന്ന് ഉടൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു.  പോലീസെത്തിയതോടെ കടക്കാരനെ കൊണ്ട് തിരികെ വിളിപ്പിച്ചു. കൂട്ടാളി അകത്ത് കയറിയെങ്കിലും അശോകന്‍ റോഡരികില്‍ കാത്ത് നിന്നു. മഫ്ടിയില്‍ പോലീസ് വന്നതോടെ ചെറുപ്പക്കാര്‍ അശോകനെ കാണിച്ചുക്കൊടുത്തു. ഇതോടെ മൂന്ന് മാസം നീണ്ട പോലീസിന്റെ നഷ്ടപ്പെട്ട മാനം മടിക്കൈയിലെ ചെറുപ്പക്കാരുടെ ഇടപെടലില്‍ തിരിച്ചു കിട്ടി.

ഫെബ്രുവരി 9 ന് പുലര്‍ച്ചെ തായന്നൂർ വില്ലേജിലെ കറുകവളപ്പില്‍ ടി.വി.പ്രഭാകരന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ സ്വര്‍ണ്ണമാലയും, രണ്ട് മെബൈൽ ഫോണുകളും കവര്‍ന്ന കേസിൽ പ്രതിയാണ് അശോകനും കൂട്ടാളി മഞ്ജുനാഥും. കവര്‍ച്ചാകേസില്‍ പോലീസ് തിരയുന്നതിനിടയില്‍ കാട്ടില്‍ സുഖജീവിതം നയിക്കുകയായിരുന്ന അശോകനെയും കൂട്ടുപ്രതി മഞ്ചുനാഥിനേയും കാഞ്ഞിരപ്പൊയിലിലെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും, അശോകൻ രക്ഷപ്പെടുകയായിരുന്നു. കുട്ടുപ്രതി ബന്തടുക്ക സ്വദേശി മഞ്ജുനാഥിനെ നാട്ടുകാര്‍ കാടുവളഞ്ഞ് പിടികൂടിയിരുന്നു.

ഇതിനിടെ കറുകവളപ്പിൽ മാധവിയുടെ വീട്ടില്‍ നിന്നും അശോകൻ 30,000 രൂപ മോഷ്ടിച്ചു. മോഹനന്റെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട അശോകന്‍ വീണ്ടുംരക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും തിരയുന്നതിനിടെ മാര്‍ച്ച് 8 ന് പ്രതി പട്ടാപ്പകല്‍ വീട്ടുമുറ്റത്തിരിക്കുകയായിരുന്ന മടിക്കൈ കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയെ തലക്കടിച്ചു വീഴ്ത്തി കഴുത്തിലെ സ്വര്‍ണ്ണമാലയും കമ്മലും മോതിരവും അഴിച്ചെടുത്തുരക്ഷപ്പെടുയായിരുന്നു.

അവിടെ നിന്നും രക്ഷപ്പെട്ട അശോകനെ പിന്നീട് കണ്ടെത്താനായില്ല. രാത്രി തിരച്ചിൽ നടത്താത്തതിനാൽ അശോകൻ ഇൗ പഴുതിലൂെടയാകാം പുറത്തേക്ക് രക്ഷപ്പെട്ടതെന്ന് പോലീസ് കരുതുന്നു. അതിനിടെ അശോകനെ ആരെങ്കിലും വക വരുത്തി കാട്ടിൽ തന്നെ തള്ളിക്കാണുമെന്ന കെട്ടുകഥയും ഇന്നലെ വരെ നാട്ടിൽ പ്രചരിച്ചിരുന്നു. പോലീസ് ഒരുക്കിയ വാട്സ്ആപ്പ് കൂട്ടായ്മയിൽ അശോകന് വേണ്ടപ്പെട്ടവർ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയതായി പോലീസ് സംശയിച്ചിരുന്നു.

പോലീസിന്റെ നീക്കങ്ങൾ കൃത്യമായറിഞ്ഞതാണ് അശോകൻ രക്ഷപ്പെടാൻ കാരണമെന്നും, പോലീസ് പറയുന്നു. കാഞ്ഞിരപ്പൊയിലിലെ അനിലിന്റെ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്ന കേസിലാണ് ഹൊസ്ദുർഗ്ഗ് പോലീസ് അശോകനെ  അറസ്റ്റ് ചെയ്യുക. അമ്പലത്തറ സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ട്.

LatestDaily

Read Previous

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നീലച്ചിത്ര സമാനകാമകേളികൾ

Read Next

അബുദാബിയിൽ സിലണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ രണ്ട് കാഞ്ഞങ്ങാട്ടുകാരും