കറുകൻ അശോകൻ തമിഴ്‌നാട്ടിലടക്കം അടിച്ചുപൊളിച്ചു

കാഞ്ഞങ്ങാട് : കൊച്ചി മറൈൻ ഡ്രൈവിൽ നാടകീയമായി മടിക്കൈയിലെ യുവാക്കളുടെ കണ്ണിൽപ്പെടുകയും പോലീസ് കുടുക്കുകയും ചെയ്ത കവർച്ചക്കാരൻ കറുകൻ അശോകൻ മടിക്കൈ കാട്ടിൽ നിന്ന് മുങ്ങിയതിന് ശേഷം തൃശ്ശൂരിലും കോഴിക്കോട്ടും കോയമ്പത്തൂരിലും അടിച്ചുപൊളിച്ച് ജീവിച്ചു. അശോകൻ തന്നെയാണ് ഈ അടിപൊളി ജീവിതത്തെക്കുറിച്ച് കേസ്സന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

മടിക്കൈ വീട്ടമ്മ കറുക വളപ്പിൽ വിജിതയെ 34, പട്ടാപ്പകൽ വീട്ടിൽക്കയറി മരക്കമ്പുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി മാലയും കമ്മലും കവർന്ന അശോകൻ സ്വർണ്ണം കൈയിൽ വന്ന സന്തോഷത്താൽ അന്ന് പകൽ തന്നെ മടിക്കൈ കാട്ടിൽ നിന്ന് വേഷ പ്രച്ഛന്നനായി മുഖം മുഴുവൻ മാസ്ക് കൊണ്ട് മൂടി തലയിൽ ലെനിൻ തൊപ്പിയും ധരിച്ച് നീലേശ്വരത്ത് നിന്ന് ബസ്സിലാണ് കണ്ണൂരിലും കോഴിക്കോട്ടും പിന്നെ തൃശ്ശൂരിലുമെത്തിയത്.

തൃശ്ശൂരിൽ എന്തെങ്കിലും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും സ്ഥിതിഗതികൾ അനുകൂലമല്ലാത്തതിനാൽ നേരെ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു കോയമ്പത്തൂരിൽ ഒരു മാസക്കാലത്തോളം അശോകൻ പലയിടങ്ങളിലും ജോലിക്ക് ശ്രമിച്ചുവങ്കിലും ഒന്നും തരപ്പെട്ടില്ല. അതിനിടെ വിജിതയുടെ കമ്മലും മാലയും വിറ്റുകിട്ടിയ പണം തീർന്നപ്പോൾ കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് ട്രെയിൻ കയറി. കൊച്ചിയിൽ മറൈൻ ഡ്രൈവ് ആണ് അശോകന്റെ ഇഷ്ടവാസ കേന്ദ്രം. മുമ്പും ഇടയ്ക്കെല്ലാം മോഷണം നടത്തിയാൽ കൊച്ചിക്ക് കടക്കും. കടലും കരയും കപ്പലും ബോട്ടുകളും അടുത്തു വന്ന് നിൽക്കുന്ന മറൈൻ ഡ്രൈവിലാണ് പിന്നീട് ഇത്രയും നാൾ കഴിഞ്ഞത്.

അതിനിടയിൽ കൊച്ചിക്കാരനായ മറ്റൊരു കവർച്ചക്കാരനെ അശോകന് കൂട്ടിനും കിട്ടി. കൈയിലുള്ള പണമെല്ലാം തീർന്നപ്പോൾ ഉണ്ടായിരുന്ന രണ്ട് മൊബൈലുകളിൽ ഒന്ന് വിൽക്കാനാണ് ശനിയാഴ്ച്ച മറൈൻ ഡ്രൈവിലെ കടയിൽ കയറിയത്. കഷ്ടകാലത്തിന് അതുവഴി ഉല്ലാസ യാത്രയ്ക്ക് വന്ന മടിക്കൈയിലെ യുവാക്കൾ അശോകന്റെ പ്രത്യേക കഷണ്ടിത്തല തിരിച്ചറിയുകയും സെൽ ഫോണിൽ അശോകൻ കാണാതെ ഒരു പടമെടുക്കുകയും നാട്ടിലുള്ള കൂട്ടുകാർക്ക് പടം ഷെയർ ചെയ്യുകയും ചെയ്ത് കക്ഷി അശോകൻ തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നെത്തിയ പോലീസുദ്യോഗസ്ഥർ അശോകനെ ഏറ്റുവാങ്ങി ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത് ചൊവ്വാഴ്ച്ച പുലർച്ചെയാണ്. ഹൊസ്ദുർഗിൽ അശോകൻ പ്രതിയായ രണ്ടു കേസുകളുണ്ട്. ഒന്ന്- സ്വന്തം ഭാര്യയെ അടിക്കുമ്പോൾ അമ്മയുടെ തോളത്തുണ്ടായിരുന്ന കുട്ടിയുടെ കൈക്ക് തട്ടി കൈ ഒടിഞ്ഞുപോയ ക്രിമിനൽ കേസ്സിൽ പരാതിക്കാരി അശോകന്റെ ഭാര്യയാണ്.

മറ്റൊന്ന്- കറുകവളപ്പിൽ വിജിതയെ തലയ്ക്കടിച്ചു വീഴ്ത്തി കാതിലും കഴുത്തിലുമുള്ള സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസ്. കറുകവളപ്പിലെ കൃഷിക്കാരൻ പ്രഭാകരൻ പുലർക്കാലം പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കാൻ വീട്ടിൽ നിന്ന് പോയപ്പോൾ ഈ വീടിനകത്തു കയറി സെൽ ഫോണും സ്വർണ്ണമാലയും കവർന്ന  മറ്റൊരു കേസ്സ് അമ്പലത്തറ പോലീസിൽ അശോകനെതിരെയുണ്ട്. അശോകനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് രണ്ടു നാൾക്കകം കസ്റ്റഡിയിൽ വാങ്ങും.

LatestDaily

Read Previous

അബുദാബിയിൽ സിലണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ രണ്ട് കാഞ്ഞങ്ങാട്ടുകാരും

Read Next

പിലിക്കോട് സഹകരണ ബാങ്കിൽ വീണ്ടും സ്വർണ്ണത്തട്ടിപ്പ്