അബുദാബിയിൽ സിലണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ രണ്ട് കാഞ്ഞങ്ങാട്ടുകാരും

കാഞ്ഞങ്ങാട് : ഇന്നലെ അബൂദാബി നഗരത്തിലെ ഖാലിദിയയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ കാഞ്ഞങ്ങാട്ടുകാരായ രണ്ടുപേരും ഉൾപ്പെട്ടു. അബൂദാബി കെ.എം.സി.സി. കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി സിക്രട്ടറിയും, പൊതുപ്രവർത്തകനും കാഞ്ഞങ്ങാട് യതീംഖാന അബൂദാബി ശാഖ കമ്മിറ്റിയംഗവുമായ ഇല്ല്യാസ് ബല്ല, റാഷിദ് വടകരമുക്ക് എന്നിവരാണ് പരിക്കേറ്റ കാഞ്ഞങ്ങാട്ടുകാർ. പുറമെ മേൽപ്പറമ്പിലെ റാഷിദ് നെല്ലിക്കട്ടയിലെ ഉമർ എന്നിവർക്കും പരിക്കേറ്റതായി വിവരമുണ്ട്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 2 പേർ മരണപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിൽ 64 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് അബൂദാബിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചവരുടെ പേര് വിവരങ്ങൾ അബൂദാബി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കോഴിക്കോട്ട് സ്വദേശിയുടെ ഖാലിദിയയിലെ ഫുഡ് കെയർ റസ്റ്റോറന്റിലാണ് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവരാണ്  പരിക്കേറ്റവരിലധികവും. ആളുകൾ കൂടിയപ്പോൾ രണ്ടാം വട്ടവുമുണ്ടായ ശക്തമായ പൊട്ടിത്തെറിയിലാണ് ഇല്ല്യാസിനും റാഷിദിനും പരിക്കേറ്റത്.

സമീപത്തെ കടകളുടെ ചില്ലുകൾ പൊട്ടിത്തെറിച്ചാണ് ഇരുവർക്കും പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണറിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് വലിയ ശബ്ദം കേട്ടതായി സമീപത്തെ  താമസക്കാർ പറയുന്നു. ധാരാളം മലയാളികളുടെ സ്ഥാപനങ്ങളും താമസ സ്ഥലവുമുള്ള സ്ഥലമാണ് ഖാലിദിയ. ആദ്യം ശബ്ദം കേട്ടയുടനെ ആളുകൾ പോലീസിനെയും സിവിൽ ഡിഫൻസിനെയും അറിയിക്കുകയുണ്ടായി.

ഇതിന് പിന്നാലെയാണ് വീണ്ടും ശക്തമായ പൊട്ടിത്തെറിയുണ്ടായത്. റസ്റ്റോറന്റിനകത്ത് ഭക്ഷണം കഴിക്കാനെത്തിയവർക്കും, ശബ്ദം കേട്ട് സ്ഥലത്തെത്തിയവരുമാണ് പരിക്കേറ്റവരിലധികവും. റസ്റ്റോറന്റിന് പുറത്ത് നിർത്തിയിട്ട വാഹനങ്ങളുടെ മേൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കടകളിലെ ഗ്ലാസ്സുകളും പൊട്ടിത്തെറിച്ച് കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇതിന് സമീപത്തെ ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ മുൻകരുതലെന്ന നിലയിൽ ഒഴിപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

പോലീസിന്റെ നഷ്ടപ്പെട്ട മാനം മടിക്കൈ യുവാക്കൾ വീണ്ടെടുത്തു, അശോകനെ ഇന്ന് കാഞ്ഞങ്ങാട്ടെത്തിക്കും

Read Next

കറുകൻ അശോകൻ തമിഴ്‌നാട്ടിലടക്കം അടിച്ചുപൊളിച്ചു