കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷ പദവിക്ക് വി. വി. രമേശൻ പിടിമുറുക്കി

നഗരഭരണം അനിശ്ചിതത്വത്തിൽ, ബിജെപിയും മുസ്ലീംലീഗും മിണ്ടുന്നില്ല

കാഞ്ഞങ്ങാട് : ഇടതുമുന്നണി ഭരണം കൈയ്യാളുന്ന കാഞ്ഞങ്ങാട് നഗരസഭ ഉപാധ്യക്ഷ പദവിക്ക് മുൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ പിടിമുറുക്കി. ഉപാധ്യക്ഷ പദവി ഇപ്പോൾ ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ഐഎൻഎല്ലിനാണ്. ബിൽട്ടെക് അബ്ദുല്ലയാണ് നഗരസഭ ഉപാധ്യക്ഷൻ. സിപിഎമ്മിലെ കെ. വി. സുജാത നയിക്കുന്ന നഗര ഭരണം ഒരു വർഷം പിന്നിട്ടപ്പോൾ, നിലവിൽ നഗരസഭ കൗൺസിലർ കൂടിയായ പാർട്ടി ജില്ലാ കമ്മിറ്റിയംഗം വി.വി. രമേശൻ നഗരസഭ ഉപാധ്യക്ഷ പദവിയിൽ മനസ്സും, കണ്ണും തറപ്പിച്ചു.

കൗൺസിലർ എന്ന പദവിയിൽ ഒതുങ്ങിനിൽക്കുന്ന രമേശൻ കഴിഞ്ഞ ആറുമാസങ്ങളായി സുജാത ഭരണത്തിൽ അ ത്ര കണ്ട് സജീവമല്ല. വി.വി. രമേശനെ വിജയിപ്പിച്ചുവിട്ട രമേശന്റെ വാർഡ് പതിനൊന്നിൽ ഇക്കഴിഞ്ഞ മാർച്ചിന് മുമ്പ് അത്യാവശ്യം ചെയ്യേണ്ട റോഡ് ടാറിംഗ് പോലും ഇൗ വർഷം നടന്നില്ല. കൊവ്വൽപ്പള്ളി ലേറ്റസ്റ്റ് കെട്ടിടത്തിന് തൊടട്ടുത്തു നിന്ന് കിഴക്കോട്ട് പോകുന്ന റോഡ് മാതോത്ത് അമ്പലം വരെയും ദേശീയപാത ആറങ്ങാടി ജംഗ്ഷൻ വരെയും തകർന്നുകിടന്നിട്ടും രമേശന്റെ വാർഡിലുള്ള ഇൗ പ്രധാന റോഡ് ഇത്തവണ റീ ടാർ ചെയ്തില്ല.

തത്സമയം, 2022 മാർച്ചിന് മുമ്പ് നഗരസഭയ്ക്ക് കിട്ടിയ ഫണ്ട് തീർക്കാൻ വേണ്ടി നഗരസഭാധ്യക്ഷയുടെ സ്വന്തം വാർഡായ അതിയാമ്പൂര്, കുന്നുമ്മലിൽ നിന്ന് കിഴക്കോട്ട് പോകുന്ന റോഡിൽ മേൽക്കുമേൽ റീടാറിംഗ് നടത്തുകയായിരുന്നു. ആറുമാസം മുമ്പ് ടാർ ചെയ്ത ഇൗ റോഡിൽ ആദ്യം ചെയ്ത ടാർ ഉണങ്ങുന്നതിന് മുമ്പ് വീണ്ടും ടാറിംഗ് നടത്തിയത് നഗരസഭ ഫണ്ട് ചിലവഴിച്ചുതീർക്കാൻ വേണ്ടി മാത്രമായിരുന്നു.

നിലവിലുള്ള നഗരസഭ ഉപാധ്യക്ഷന് നഗരസഭ ഓഫീസിൽ കാര്യമായ പണിയൊന്നുമില്ല. ഫയലുകൾ ഒന്നും ഉപാധ്യക്ഷന്റെ മേശപ്പുറത്ത് വരാറില്ല. ധനകാര്യത്തിന്റെ ചുമതല വഹിക്കേണ്ടത് ഉപാധ്യക്ഷനാണെങ്കിലും, ധനം വിനിയോഗിക്കേണ്ട ബില്ലുകളോ, മറ്റു രേഖകളോ ഒന്നും ഉപാധ്യക്ഷനെ കാണിക്കാറില്ല, അദ്ദേഹം കാണാറുമില്ല.

മൊത്തത്തിൽ ഭരണകാര്യങ്ങളിൽ ഉരുത്തിരിഞ്ഞ വി.വി. രമേശന്റെ നിസ്സഹകരണം കൂടി പ്രകടമായതോടെ നഗരസഭ ഭരണം പാടെ അനിശ്ചിതത്വത്തിലാണ്. ഒരു വർഷം ഇടതുമുന്നണി ഭരണം കെ.വി. സുജാത കൈയ്യാളിയിട്ടും, നഗരത്തിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ പോലും കഴിയാത്ത നഗരസഭയ്ക്കെതിരെ മുഖ്യപ്രതിപക്ഷമായ മുസ്്ലീം ലീഗും ഒരക്ഷരം മിണ്ടുന്നില്ല. നഗര ഭരണം മെച്ചപ്പെട്ടു കാണാൻ ബിജെപിക്കും താൽപ്പര്യമില്ല. കാരണം ബിജെപിയെ നഗരസഭയിൽ നയിക്കുന്നവരുടെ ബിസിനസ്സ് കാര്യങ്ങൾക്ക് നഗര ഭരണത്തിൽ തടസ്സങ്ങൾ ഒന്നുമില്ലാത്തതിനാൽ ബിജെപിയും ഒരുതരം ”വിദേശ മദ്യ”  ലഹരിയിലാണ്.

LatestDaily

Read Previous

ക്ലീനിംഗ് ലായനി കഴിച്ച്  ചികിത്സയിലായിരുന്ന യുവതി മരിച്ചു

Read Next

ലോറിക്ക് പിറകിൽ പിക്കപ്പിടിച്ച് കുടിയേറ്റ തൊഴിലാളി മരിച്ചു ഒരാളുടെ നില ഗുരുതരം