വീട്ടമ്മയെ തലയ്ക്കടിച്ചുവീഴ്ത്തിയ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

കാഞ്ഞങ്ങാട് : പടന്നക്കാട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകയായ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്ന പ്രതിയുടെ രേഖാ ചിത്രം ഹോസ്ദുർഗ്ഗ് പോലീസ് പുറത്തുവിട്ടു. പടന്നക്കാട് പെട്രോൾ പമ്പിന് മുൻവശത്ത് താമസിക്കുന്ന ആവിയിൽ വീട്ടിൽ സി.എം. രാജന്റെ ഭാര്യ ഏ.ഏ. ലീലാവതിയെയാണ് 60, രണ്ട് ദിവസം മുമ്പ് മോഷ്ടാവ് തലയ്ക്കടിച്ച് വീഴ്ത്തിയത്.

ഒറ്റയ്ക്ക് താമസിക്കുന്ന ലീലാവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ മോഷ്ടാവ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം വാതിലിന് മുട്ടുകയായിരുന്നു. വൈദ്യുതി മീറ്ററിന് തീപ്പിടിച്ചിട്ടുണ്ടെന്നും ബക്കറ്റ് തന്നാൽ വെള്ളമൊഴിച്ച് തീയണയ്ക്കാമെന്നും പറഞ്ഞാണ് മോഷ്ടാവ് ലീലാവതിയുടെ വാതിലിൽ മുട്ടിയത്. വാതിൽ തുറന്ന് പുറത്തിറങ്ങിയതോടെ അജ്ഞാതനായ മോഷ്ടാവ് ഇവരെ തലയ്്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

ലീലാവതി നിലവിളിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് സ്വർണ്ണവും പണവും ആവശ്യപ്പെട്ടു. സ്വർണ്ണമില്ലെന്ന് പറഞ്ഞപ്പോൾ മേശവലിപ്പ് തുറപ്പിച്ച്  5,150 രൂപ കവരുകയായിരുന്നു. ഇതേത്തുടർന്ന് ലീലാവതി മടിക്കൈ നാരയിലുള്ള മകളുടെ ഭർത്താവിനെ വിവരമറിയിച്ചു. മകളുടെ ഭർത്താവെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട്ടെ മഹിളാ കോൺഗ്രസ് പ്രവർത്തകയായ ലീലാവതി ഒരു വർഷം മുമ്പാണ് പടന്നക്കാട്ടേക്ക് താമസം മാറ്റിയത്. ഇവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് മോഷ്ടാവിന്റെ രേഖാചിത്രം പോലീസ് തയ്യാറാക്കിയത്.

LatestDaily

Read Previous

നന്ദനം വെള്ളിക്കോത്തിന് മികച്ച നേട്ടം

Read Next

മടിക്കൈയിൽ ഗണപതി ക്ഷേത്ര നിർമ്മാണത്തിനും ലോട്ടറി