തോമസിന് സിപിഎമ്മിലേക്ക് വഴി തുറന്നു

കാഞ്ഞങ്ങാട് : കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ.വി. തോമസിന് സിപിഎമ്മിലേക്ക് ചുവപ്പ് പരവതാനിയൊരുങ്ങുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും അച്ചടക്ക നടപടി നേരിട്ട പ്രഫ. കെ.വി. തോമസ് ഏറ്റവുമൊടുവിൽ എറണാകുളത്തെ എൽഡിഎഫ് യോഗത്തിൽ പങ്കെടുത്തതോടെയാണ് കോൺഗ്രസിൽ നിന്നും പുറത്തായത്.

തന്നെ പുറത്താക്കാൻ കെ.പി.സി.സി. നേതൃത്വത്തെ കെ.വി. തോമസ് പലതവണ വെല്ലുവിളിച്ചിരുന്നു. കെ.പി. സി.സി. നേതാക്കളുടെ വായിൽ പലതവണ കോലിട്ട് കുത്തിയിട്ടും കാര്യം നടക്കാതെ വന്നപ്പോഴാണ് രണ്ടും കൽപ്പിച്ച് കെ.വി. തോമസ് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തത്.

കെ.പി.സി.സി.യെ വെല്ലുവിളിച്ച് കെ.വി. തോമസ് എൽഡിഎഫ് വേദിയിൽ വീണ്ടുമെത്തിയതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതെയാണ് ഇദ്ദേഹത്തെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ദീർഘകാലമായി കോൺഗ്രസിൽ ഒതുക്കപ്പെട്ട നിലയിലായിരുന്ന കെ.വി. തോമസിന് പാർട്ടിയിൽ നിന്നും പുറത്തുകടക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകാതെ പുറത്താക്കപ്പെടുകയെന്നതായിരുന്നു കെ.വി. തോമസിന്റെ രാഷ്ട്രീയ തന്ത്രം. ഇതിന് വേണ്ടിയാണ് അദ്ദേഹം നിരന്തരം കെ.പി. സി.സി. നേതൃത്വത്തെ പ്രകോപിപ്പിച്ച് കൊണ്ടിരുന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ കെ.വി. തോമസിന് വീര പരിവേഷവും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി പ്രകീർത്തിച്ച കെ.വി. തോമസിന്റെ നിലപാട് കെ.പി.സി.സി. നേതൃത്വത്തെ അസ്വസ്ഥരാക്കിയിരുന്നു. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടതോടെ കെ.വി. തോമസ് സിപിഎമ്മിൽ ചേക്കേറുമെന്നുറപ്പായിട്ടുണ്ട്. കെ.വി. തോമസ് അനാഥനാകില്ലെന്ന് സിപിഎം  സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് സിപിഎമ്മിൽ അർഹമായ സ്ഥാനം ലഭിക്കുമെന്നുറപ്പാണ്.

വി.എസ്. അച്യുതാനന്ദൻ സ്ഥാനമൊഴിഞ്ഞ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം കെ.വി. തോമസിന് നൽകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്ന കെ.വി. തോമസിന് മാന്യമായ പദവി ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കോൺഗ്രസിനകത്ത് കടിച്ചുതൂങ്ങിക്കിടന്നിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് കെ.വി. തോമസിനും നന്നായിട്ടറിയാം.

കെ.പി.സി.സി. വർക്കിംഗ് ചെയർമാൻ സ്ഥാനമുണ്ടായിരുന്ന അദ്ദേഹത്തോട് കെ.പി.സി.സി. നേതൃത്വം പാർട്ടി കാര്യങ്ങളെക്കുറിച്ചൊന്നും അഭിപ്രായം ചോദിക്കുകയോ ചർച്ച നടത്തുകയോ ചെയ്യാറുണ്ടായിരുന്നില്ല. കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡണ്ട് പദവി ഏറ്റെടുത്തതിന് ശേഷം പാർട്ടിയിൽ നിന്ന് പുറത്തു പോകുന്ന മുതിർന്ന നേതാവാണ് കെ.വി. തോമസ്. കെപിസിസി നേതൃസ്ഥാനത്തുണ്ടായിരുന്ന പലരും ഇപ്പോൾ സിപിഎമ്മിലാണ്. കോൺഗ്രസ് പുനഃസംഘടനയും അനന്തമായി നീളുകയാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വം മുങ്ങുന്ന കപ്പലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

LatestDaily

Read Previous

മുൻസിഫിന്റെ ബോർഡ് ഹൈക്കോടതി ദൂതൻ അന്വേഷണം നടത്തി

Read Next

വിമുക്തഭടന്റെ വീടിന് കല്ലെറിഞ്ഞവരെക്കുറിച്ച് സൂചന