ചായ്യോത്ത് റോഡപകടങ്ങൾ തുടർക്കഥ 

നീലേശ്വരം : റോഡ് നവീകരണത്തോടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ചായ്യോം നിവാസികൾ. പൊട്ടിത്തകർന്ന റോഡിന് പകരം മെക്കാഡം റോഡ് വന്നതോടെ ചായ്യോം സ്കൂൾ പരിസരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ചായ്യോം സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് പാഞ്ഞുകയറിയത്. ബേക്കറി അടച്ചിരുന്നതിനാലാണ് വൻ ദുരന്തമൊഴിവായത്.

പാലാത്തടം സർവ്വകലാശാല ക്യാമ്പസിനും നരിമാളത്തിനുമിടയിൽ അടുത്തകാലത്തായി പത്തിലധികം വാഹനാപകടങ്ങളാണുണ്ടായത്. കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറിയതിന്റെ തൊട്ടടുത്ത ദിവസമാണ് ചായ്യോത്ത് ലോറി തലകീഴായി മറിഞ്ഞത്. വാഹനങ്ങൾ ഏതുസമയവും റോഡരികിലെ വീടുകളിലേക്കും, കെട്ടിടങ്ങളിലേക്കും പാഞ്ഞുകയറാമെന്ന അവസ്ഥയുണ്ടായതോടെ ചായ്യോം നിവാസികൾ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. റോഡരികിൽ സുരക്ഷാ വേലികളോ തൂണുകളോ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ നിയന്ത്രണം തെറ്റുന്ന വാഹനങ്ങൾ റോഡരികിലെ വീടുകൾക്ക് ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.

റോഡ് നവീകരണം പൂർത്തിയായെങ്കിലും അപകടം മുന്നറിയിപ്പ് നൽകുന്ന ബോർഡുകളൊന്നും റോഡരികിൽ സ്ഥാപിച്ചിട്ടില്ല. മെയ് 13-ന് പാലാത്തടം യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്തെ ഇറക്കത്തിലും കാർ റോഡരികിലേക്ക് മറിഞ്ഞ് തീപ്പിടിച്ചിരുന്നു. പരിസരവാസികളാണ് കാറിലെ തീയണച്ചത്.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നാളെ തുടങ്ങും

Read Next

കേന്ദ്രസർവ്വകലാശാലാ റജിസ്ട്രാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു