ഓൺലൈൻ തട്ടിപ്പിൽ സ്വർണ്ണം കവർന്ന യുവാവ് റിമാന്റിൽ

കാസർകോട് : ഓൺലൈൻ തട്ടിപ്പിലൂടെ കാസർകോട്ടെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം തട്ടിയെടുത്ത ഇടുക്കി തൊടുപുഴ സ്വദേശിയായ യുവാവ് റിമാന്റിൽ. മെയ് 13-ന് പകൽ 11.45-നാണ് കാസർകോട്ടെ ജ്വല്ലറിയിൽ നിന്നും ഇടുക്കി സ്വദേശി 11.790 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല തട്ടിയെടുത്തത്. ഇടുക്കി തൊടുപുഴ സ്വദേശിയായ ജോബി ജോർജ്ജാണ് 40, കാസർകോട്ടെ ജ്വല്ലറിയിൽ നിന്നും തട്ടിപ്പിലൂടെ സ്വർണ്ണം കവർന്നത്.

മെയ് 13-ന് ജ്വല്ലറിയിലെത്തിയ യുവാവ് ഒന്നരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണമാല വാങ്ങി പണം ഓൺലൈനിലൂടെ കൈമാറ്റം ചെയ്യാമെന്നറിയിക്കുകയായിരുന്നു. പണം ഓൺലൈൻ വഴി അടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് തിടുക്കത്തിൽ ജ്വല്ലറിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജീവനക്കാർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടിലെത്തിയില്ലെന്ന് വ്യക്തമായത്.

തുടർന്ന് ജ്വല്ലറിയുടമ കാസർകോട് പോലീസിൽ പരാതി നൽകി. പരാതിയിൽ മോഷണക്കുറ്റത്തിന് കേസെടുത്ത പോലീസ്  പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാഞ്ഞങ്ങാട്ട് നിന്നും പിടികൂടുകയായിരുന്നു. തട്ടിയെടുത്ത സ്വർണ്ണം ജോബി ജോർജ്ജ് കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ  54,500 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു. അറസ്റ്റിലായ പ്രതിയെ കാസർകോട് പോലീസ് കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാന്റിൽ വെക്കാൻ ഉത്തരവിടുകയുമായിരുന്നു.

LatestDaily

Read Previous

സി. ബാലകൃഷ്ണൻ അന്തരിച്ചു

Read Next

വനിത സഹകരണ സംഘത്തിന്റെ കെട്ടിടോദ്ഘാടനം ജോ:റജിസ്ട്രാറും  അസി.റജിസ്ട്രാറും ബഹിഷ്ക്കരിച്ചു