കേന്ദ്രസർവ്വകലാശാലാ റജിസ്ട്രാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു

കാസർകോട് : പെരിയ കേരള കേന്ദ്രസർവ്വകലാശാല ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി നൽകുന്ന വാഹനങ്ങൾ സ്വകാര്യാവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം. മെയ് 8-ന് മേലാങ്കോട്ട് എസ്എസ് കലാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിന് കേന്ദ്ര സർവ്വകലാശാല റജിസ്ട്രാർ എൻ. സന്തോഷ്കുമാറെത്തിയത് ഔദ്യോഗിക വാഹനത്തിലായിരുന്നു.

സർക്കാർ നൽകുന്ന വാഹനങ്ങൾ സ്വകാര്യാവശ്യങ്ങൾക്കുപയോഗിക്കരുതെന്ന ചട്ടം കാറ്റിൽപ്പറത്തിയാണ് കേന്ദ്ര സർവ്വകലാശാല റജിസ്ട്രാർ വിവാഹ സൽക്കാരത്തിന് ഔദ്യോഗിക വാഹനത്തിലെത്തിയത്. കേന്ദ്ര സർവ്വകലാശാലയിൽ വൈസ് ചാൻസിലർമാർക്ക് മാത്രമാണ് 24 മണിക്കൂറും ഔദ്യോഗിക വാഹനമുപയോഗിക്കാൻ അനുമതിയുള്ളത്. സർവ്വകലാശാല റജിസ്ട്രാറടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഓഫീസിലെത്താനും, തിരിച്ചുപോകാനും മാത്രമുള്ളതാണ് ഔദ്യോഗിക വാഹനം. പിക്ക് അപ്പ് ആന്റ് ഡ്രോപ്പ് എന്നാണ് ഇൗ സംവിധാനം അറിയപ്പെടുന്നത്.

പക്ഷേ, കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇൗ ചട്ടങ്ങളെല്ലാം കടലാസിൽ മാത്രമാണ്. പാലക്കാട് എഞ്ചീനീയറിംഗ് കോളേജിൽ നിന്നും റിട്ടയർ ചെയ്തയാളാണ് നിലവിൽ പെരിയ കേന്ദ്രസർവ്വകലാശാല റജിസ്ട്രാറായ എൻ. സന്തോഷ് കുമാർ. 2.25 ലക്ഷം രൂപയാണ് പ്രസ്തുത ജോലിക്ക് അദ്ദേഹം കേന്ദ്രസർവ്വകലാശാലയിൽ നിന്നും ശമ്പളം പറ്റുന്നത്. കനത്ത ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ് കേന്ദ്ര സർവ്വകലാശാല ഉദ്യോഗസ്ഥർ. സ്വന്തമായി കാറുണ്ടെങ്കിലും കേന്ദ്രസർവ്വകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം ഔദ്യോഗിക വാഹനങ്ങളാണ് സ്വകാര്യാവശ്യങ്ങൾക്കുപയോഗിക്കുന്നത്.

ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നവർ വർഷം തോറും ലക്ഷക്കണക്കിന് രൂപയാണ് സർവ്വകലാശാലയ്ക്ക് അധിക ബാധ്യതയുണ്ടാക്കുന്നത്.  സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അത് ലോഗ് ബുക്കിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടമെങ്കിലും, ഇൗ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കേന്ദ്ര സർവ്വകലാശാലകൾക്ക് മേൽ ഇന്ത്യൻ പ്രസിഡണ്ടിന്റെ മേൽനോട്ടമുണ്ടെങ്കിലും, പ്രസിഡണ്ടിനെപ്പോലും കബളിപ്പിച്ചാണ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനങ്ങൾ  സ്വകാര്യാവശ്യങ്ങൾക്ക് കൊണ്ടുനടക്കുന്നത്. സ്വന്തം വാഹനങ്ങൾ സ്വകാര്യാവശ്യങ്ങൾക്കുപയോഗിച്ചാലുള്ള ഇന്ധനച്ചെലവ് ലാഭിക്കാനാണ് കേന്ദ്രസർവ്വകലാശാലാ ഉദ്യോഗസ്ഥർ എന്ത് കാര്യത്തിനും ഔദ്യോഗിക വാഹനമുപയോഗിക്കുന്നത്.

LatestDaily

Read Previous

ചായ്യോത്ത് റോഡപകടങ്ങൾ തുടർക്കഥ 

Read Next

സി. ബാലകൃഷ്ണൻ അന്തരിച്ചു