ചിത്താരിയിൽ കാർ മതിലിലിടിച്ച് യുവാവ് മരിച്ചു, 3 പേർക്ക് ഗുരുതരം

ബേക്കൽ : അമിത വേഗതയിലെത്തിയ കാർ മതിലിലിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിന് സമീപമാണ് കാർ റോഡരികിലെ വീട്ടുമതിലിലിടിച്ച്  മുക്കൂട് സ്വദേശിയായ യുവാവ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നാലംഗസംഘം സഞ്ചരിച്ച കെ.എൽ.60.എൽ.6677 നമ്പർ കാറാണ് ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ മതിലിലിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ വളരെ പണിപ്പെട്ടാണ് കാറിൽ നിന്നും പുറത്തെടുത്തത്. അപകടത്തി്ൽ മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദത്താണ് 33, മരിച്ചത്.

കാറിലുണ്ടായ മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയി മകൻ സുധീഷ് 28, മുക്കൂട് കാരക്കുണ്ടിലെ ഷാഫിയുടെ മകൻ സാബിർ 28,  നാരായണന്റെ മകൻ പ്രസാദ് 32, എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സദാത്തിന്റെ മൃതദേഹം   ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി കെ.എസ്.ടി.പി.റോഡരികിലെ മുഹമ്മദ് കുഞ്ഞിയുടെ മതിലിലിടിച്ചാണ് അപകടമുണ്ടായത്.

LatestDaily

Read Previous

ചന്തേര മാടക്കാൽ പീഡനക്കേസ്സിൽ 8 സാക്ഷികളെ വിസ്തരിച്ചു

Read Next

കെട്ടിടം പൊളിക്കുന്നതിനിടെ 63കാരന് ദാരുണാന്ത്യം