അമ്മയും കുഞ്ഞും ആശുപത്രിക്ക് ഇനിയും മോചനമായില്ല

കാഞ്ഞങ്ങാട്: ഒന്നാം പിണറായി സർക്കാറിന്റെ അവസാന നാളുകളിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്ത പുതിയകോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിക്ക് ഇനിയും മോചനമായില്ല. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷവേളയിലെങ്കിലും, അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനമാരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നു. പഴയ ജില്ലാശുപത്രി പ്രവർത്തിച്ച സ്ഥലത്ത് ഒരാതുരാലയം വേണമെന്ന ജനകീയാവശ്യത്തെ മുൻ നിർത്തിയാണ് അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങാൻ തീരുമാനിച്ചത്.

വലിയ പ്രതീക്ഷയോടെ ജനങ്ങൾ  കാത്തിരുന്ന ആശുപത്രിയുടെ ഉദ്ഘാടനം നടക്കുമ്പോൾ മൂന്ന് മാസത്തിനകം പൂർണ്ണ സജ്ജമായ തോതിൽ അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം തുടങ്ങുമെന്നായിരുന്നു അന്ന് റവന്യൂ മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം.എൽ.എ,ഇ.ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രി ശൈലജ നൽകിയ ഉറപ്പ്. എന്നാൽ തുടർ ഭരണം ലഭ്യമായി ഒരു വർഷം പിന്നിടുമ്പോഴും ഉറപ്പുകൾ പാലിക്കപ്പെടാതെ പോവുകയാണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും  ചികിത്സ  പ്രസവവും പ്രസവാനന്തര ചികിത്സയും തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു  മൂന്ന്  നിലകളിൽ മനോഹരമായ കെട്ടിടം പണിതീർത്തത്. എന്നാൽ ആവശ്യമായ സംവിധാനങ്ങളൊന്നും ഇനിയും ഉണ്ടായിട്ടില്ല. വൈദ്യുതി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് പൂർണ്ണതോതിൽ ആശുപത്രി പ്രവർത്തനമാരംഭിക്കുമെന്ന ഉറപ്പുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പലതവണ ആവർത്തിച്ചുവെങ്കിലും,  സൗകര്യപ്രദമായ കെട്ടിടമല്ലാതെ മറ്റുസംവിധാനങ്ങൾ ഒന്നും തന്നെ ആശുപത്രിയിലെത്തിയിട്ടില്ല.

45,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മൂന്ന് നിലകെട്ടിടത്തിൽ പരിശോധന മുറി, അത്യാഹിത വിഭാഗം, ഫാർമസി, ശസ്ത്രക്രിയ വിഭാഗം, വാർഡുകൾ എന്നിവയ്ക്ക് സൗകര്യമുണ്ട്. പ്രസവത്തിനും നിരീക്ഷണത്തിനും പ്രത്യേകം മുറികളും കെട്ടിടത്തിലുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കെ. ശൈലജയും ആധ്യക്ഷം വഹിച്ച ഇ.ചന്ദ്രശേഖരനും ഇപ്പോൾ മന്ത്രിമാരെല്ലങ്കിലും ഇരുവരം എം.എൽ.എമാരായി തുടരുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ആരോഗ്യ മന്ത്രി വീണ ജോർജ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴും അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ നഗര ഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന ബഹുനിലക്കെട്ടിടത്തിന്റെ മോചനം എപ്പോഴായിക്കുമെന്നതിൽ ആർക്കുമൊരു നിശ്ചയവുമില്ല.

LatestDaily

Read Previous

മത്സ്യതൊഴിലാളി തൂങ്ങി മരിച്ചനിലയിൽ

Read Next

ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ ഉദ്യോഗസ്ഥരില്ല പരിശോധനകൾ പ്രഹസനം