ചെറുവത്തൂരിൽ വാഹനം കത്തിച്ച സംഘത്തെക്കുറിച്ച് സൂചന

ചെറുവത്തൂർ : ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ചെറുവത്തൂർ ഐഡിയൽ കൂൾബാറിന്റെ ഡെലിവറി വാൻ കത്തിച്ച മൂന്നംഗ സംഘത്തിനെക്കുറിച്ച് ചന്തേര പോലീസിന് സൂചന ലഭിച്ചു. മെയ് 2-ന് പുലർച്ചെയാണ് ഐഡിയൽ കൂൾ ബാറിന് പിറകുവശത്ത് നിർത്തിയിട്ട ഓമ്നി വാനിന് അജ്ഞാതർ തീയിട്ടത്. ഇതേത്തുടർന്ന് പോലീസ് സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് വാഹനം കത്തിച്ചവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

കൂൾബാറുടമ പിലാവളപ്പിൽ കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള മാരുതി വാനിനാണ് മൂന്നംഗ സംഘം തീയിട്ടത്. വാഹനത്തിന് തീയിട്ട് മൂന്നുപേർ ഒാടിപ്പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിലെ  സൂചനകൾ പ്രകാരം പ്രതികൾക്കായി പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്. ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇൗ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ  ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ പരിശോധന നടത്തും. കൂൾബാറിലുപയോഗിച്ച വെള്ളത്തിൽ മനുഷ്യ വിസർജ്ജത്തിൽ നിന്നും പടരുന്ന കോളിഫോം ബാക്ടീരിയകളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കോഴിക്കോട് മേഖലാ ലാബിൽ നടത്തിയ പരിശോധനയിലാണ് കൂൾബാറിലുപയോഗിച്ച വെള്ളത്തിൽ ഇ. കോളി, കോളിഫോം ബാക്ടീരിയകൾ അളവിൽക്കവിഞ്ഞ തോതിൽ കണ്ടെത്തിയത്.

LatestDaily

Read Previous

ഭരിക്കുന്നവർക്ക് കുഴലൂതലല്ല മാധ്യമ പ്രവർത്തനം : ഉണ്ണിത്താൻ. എം.പി.

Read Next

ഉഴുന്നുവടയിൽ തേരട്ട; ജില്ലാ ആശുപത്രി ലഘുഭക്ഷണ ശാല അടപ്പിച്ചു