ബസ് മറിഞ്ഞതിന് കാരണം അമിത വേഗത

ചെറുവത്തൂർ: ദേശീയ പാതയിലെ  ചെറുവത്തൂർ  മട്ടലായിക്ക് സമീപം സ്വകാര്യ ബസ് തലകീഴായി മറിഞ്ഞത് അമിതവേഗത മൂലമെന്ന് യാത്രക്കാരും ദൃക്സാക്ഷികളും. ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ചെറുവത്തൂർ മട്ടലായിക്ക് സമീപം തലകീഴായി മറിഞ്ഞത്. അമിതവേഗതയിൽ അപകടകരമായി ഓടിച്ചെത്തിയ കെ.എൽ.58.യു.7533 നമ്പർ സ്വകാര്യബസ്സാണ് ദേശീയ പാതയിൽ തലകീഴായി മറിഞ്ഞത്. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിവിട്ട സ്വകാര്യബസ്സ്  ജീവനക്കാർ ചെറുവത്തൂർ ബസ്സ് സ്റ്റാന്റിലും കയറിയിരുന്നില്ല.

നീലേശ്വരം ബസ്സ് സ്റ്റാന്റിലിറങ്ങേണ്ട യാത്രക്കാരെ വഴിയിറക്കിവിട്ട് ബസ്സ് സ്റ്റാന്റിലേക്കുള്ള ഓട്ടോക്കൂലിയും നൽകിയാണ് ബസ്സ് അപകടത്തിലേക്ക് കുതിച്ചത്. അപകടത്തിൽ  പരിക്കേറ്റ 28 പേർ ചെറുവത്തൂർ, പരിയാരം, പയ്യന്നൂർ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. സംഭവ സ്ഥലത്തും ആശുപത്രികളിലും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. , എം.രാജഗോപാലൻ എം.എൽ.ഏ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്ന, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംഭവത്തിൽ ബസ്സ് ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ബസ്സിന്റെ ടയറുകൾക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ബസ്സ്  അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർ പരിശോധിക്കും. അപകടകരമായ രീതിയിൽ ബസ്സോടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്ക് സാധ്യതയുണ്ട്.

LatestDaily

Read Previous

ഹോട്ടലിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 3.5 ലക്ഷത്തോളം രൂപ തട്ടിയെടുത്തു

Read Next

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറങ്ങുന്നു