ഭരിക്കുന്നവർക്ക് കുഴലൂതലല്ല മാധ്യമ പ്രവർത്തനം : ഉണ്ണിത്താൻ. എം.പി.

ലേറ്റസ്റ്റിന്റെ സേവനം മഹത്തരം സി.എച്ച്.കുഞ്ഞമ്പു

കാഞ്ഞങ്ങാട്: ഭരിക്കുന്ന  പാർട്ടികൾക്ക് കുഴലൂതലല്ല മാധ്യമ പ്രവർത്തനമെന്ന് തെളിയിച്ച ദിനപ്പത്രമാണ് ലേറ്റസ്റ്റെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ആര് തെറ്റ് ചെയ്താലും അതെഴുതുമെന്ന മാധ്യമ ധർമ്മം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കിയ ലേറ്റസ്റ്റ് എന്നും നാടിന്റെ അതിശക്തമായ സാംസ്ക്കാരിക ജിഹ്വയാണെന്ന് ബേക്കൽ റെഡ്മൂൺ ബീച്ചിൽ ലേറ്റസ്റ്റ് ഒരുക്കിയ വേനൽമഴ അഞ്ചാം പതിപ്പ് ഉൽഘാടനം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു.

എതിരായ വാർത്തകൾ കൂടി ആസ്വദിക്കാൻ വായനക്കാർക്ക് കഴിയണം. തനിക്കെതിരായും ലേറ്റസ്റ്റ് വാർത്തയെഴുതിയിട്ടുണ്ട്. അതെല്ലാം താൻ ആസ്വദിച്ച് വായിക്കുകയായിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടത് മാധ്യമങ്ങളുടെ ധർമ്മവും ബാധ്യതയും  ചുമതലയുമാണെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ഒരു കാരണവും പറയാതെ മീഡിയ വൺ ചാനലിനെതിരെ നിരോധനം ഏർപ്പെടുത്തിയത് ഭരണാധികാരികളുടെ ഇഷ്ടത്തിന്  വഴങ്ങാത്തത് കൊണ്ടാണ്  ഇത്തരം പ്രവർത്തനങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഉണ്ണിത്താൻ പറഞ്ഞു.

കോർപ്പറേറ്റ് ഭീമന്മാർ അടക്കി വാഴുന്ന രാജ്യത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട ലേറ്റസ്റ്റ് അതിജീവനത്തിന്റെ മികച്ച മാതൃകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. നാടിന്റെ വികസനത്തിനും ദേശത്തിന്റെ ഐക്യത്തിനും ലേറ്റസ്റ്റ് നൽകിയ  സേവനം മഹത്തരമെന്ന് കുഞ്ഞമ്പു എടുത്തു  പറഞ്ഞു.

അനീതിക്കെതിരെ ശബ്ദിച്ച പത്രമായ ലേറ്റസ്റ്റിന്റെ മനസ്സ് സ്നേഹിക്കാൻ കഴിയുന്നവർക്ക് പ്രചോദനമാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത പറഞ്ഞു. കാപട്യം നിറഞ്ഞ ലോകത്ത് സ്നേഹത്തിന്റെ സന്ദേശമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ലേറ്റസ്റ്റ് സമൂഹത്തിന് മുന്നിൽ കാണിച്ചുകൊടുത്തത്. അർബുദ രോഗികൾക്ക് ലേറ്റസ്റ്റ് നൽകിയ സഹായ ഹസ്തം പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റിയതായി ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. ലേറ്റസ്റ്റ്  മാനേജിംഗ് എഡിറ്റർ അരവിന്ദൻ മാണിക്കോത്ത് സ്വാഗതവും നന്ദിയും പറഞ്ഞു.

LatestDaily

Read Previous

ജില്ലാശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ തേരട്ട

Read Next

ചെറുവത്തൂരിൽ വാഹനം കത്തിച്ച സംഘത്തെക്കുറിച്ച് സൂചന