സിപിഎം ഫണ്ട് തിരിമറി; പയ്യന്നൂര്‍ എം.എല്‍.ഏ ഉള്‍പ്പെടെ ആറു പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്‌

പയ്യന്നൂർ :  തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്ന ആരോപ ണത്തെ തുടര്‍ന്ന് ടി.ഐ.മധുസൂധനന്‍ എംഎല്‍എ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സിപിഎം നേതൃത്വം. അച്ചടക്ക നടപടി എടുക്കാതിരിക്കണമെങ്കില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അതൃപ്തി കണക്കിലെടുത്താണ് സിപിഎം നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞ ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഫണ്ട് തിരിമറി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അച്ചടക്ക നടപടിയെടുത്താല്‍, പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ദോഷമാകുമെന്നും പ്രശ്‌നം ഒത്തുതീര്‍പ്പാക്കണമെന്നുമാണ് ഇ.പി.ജയരാജന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പയ്യന്നൂരില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. ഇതേ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പയ്യന്നൂര്‍ എം.എല്‍.ഏ ടി.ഐ. മധുസൂധനന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥന്‍, കെ.കെ. ഗംഗാധരന്‍,ഓഫീസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, മുന്‍ ഏരിയ സെക്രട്ടറി കെപി മധു , ഫ്രാക്ഷന്‍ അംഗം സജീവ് എന്നിവര്‍ക്കാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

വിശദീകരണം ലഭിച്ച ശേഷം 12ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ അച്ചടക്ക നടപടിയുണ്ടായേക്കും. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടനിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീത് ഉണ്ടാക്കി പണം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് പാര്‍ട്ടിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കെട്ടിട നിര്‍മ്മാണ ഫണ്ടിന് വേണ്ടിയുള്ള ചിട്ടിയില്‍ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയ കമ്മറ്റി അധികാരപ്പെടുത്തിയ മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

LatestDaily

Read Previous

യുവതി യുവാക്കളുടെ പടമെടുത്ത് പണമാവശ്യപ്പെട്ട് ഭീഷണി

Read Next

പതിനഞ്ചുകാരിയെ പീഡിപ്പിച്ച മുത്തച്ഛന്  12 വര്‍ഷം തടവ്