ജില്ലാശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ തേരട്ട

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രി കാന്റീനിൽ നിന്നും വിതരണം ചെയ്ത ഉഴുന്നുവടയിൽ തേരട്ടയെ കണ്ടെത്തിയതിനെത്തുടർന്ന് കാന്റീനിൽ ഭക്ഷ്യവകുപ്പുദ്യോഗസ്ഥരുടെ പരിശോധന. ജില്ലയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കാന്റീനിലാണ് ഗുരുതരമായ അനാസ്ഥ. ആശുപത്രി കാന്റീനിൽ കുട്ടിയോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ മാതാവാണ് കുട്ടിക്ക് നൽകിയ ഉഴുന്നുവടയിൽ തേരട്ടയെ കണ്ടെത്തിയത്. ഇതോടെ ഇവർ ബഹളമുണ്ടാക്കി. വിവരം പുറത്തറിയാതിരിക്കാൻ ആശുപത്രി അധികൃതർ  അകത്തേക്ക് ആരെയും കടത്തിവിട്ടില്ല. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ആശുപത്രിയിൽ പരിശോധന നടത്തി.

ജില്ലാ ആശുപത്രിയിലെ കാന്റീനിലും പരിസരത്തുള്ള തട്ടുകടകളിലും പുറമെ നിന്നെത്തുന്നവർ വിതരണം ചെയ്യുന്ന പലഹാരങ്ങളാണ് വിതരണം ചെയ്യുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എളുപ്പത്തിന് വേണ്ടിയാണ് നടത്തിപ്പുകാർ പുറത്തുനിന്ന്  വാങ്ങുന്നത്. വാങ്ങുന്ന സാധനത്തിന്റെ ആരും ഗുണമേന്മ പരിശോധിക്കാ തെയാണ് വിൽപ്പന. ഭക്ഷ്യ വിഷ ബാധയുണ്ടാകാൻ സാധ്യതയുള്ള തരത്തിലാണ് മിക്ക ഹോട്ടലുകളും കാന്റീനുകളും ഭക്ഷണം വിതരണം ചെയ്യുന്നതെന്നും പരാതിയുണ്ട്.

ഉഴുന്നുവടയിൽ നിന്നും തേരട്ടയെ കണ്ടെത്തിയതോടെ പലഹാര നിർമ്മാണം നടക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നഗരത്തിലെ ഒട്ടുമുക്കാൽ കടകളിലും വിൽപ്പനയ്ക്കെത്തിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വീടുകളിൽ ഉണ്ടാക്കുന്നതാണ്. ജില്ലാ ആശുപത്രി കാന്റീനിൽ നിന്നും വിതരണം ചെയ്ത ഉഴുന്നുവടയിൽ തേരട്ടയെ കണ്ടെത്തിയ സംഭവം നിസ്സാരവത്ക്കരിക്കാനാണ് കാന്റീൻ നടത്തിപ്പുകാർ ശ്രമിച്ചത്.

LatestDaily

Read Previous

കാർ കിണറ്റിൽ വീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

Read Next

ഭരിക്കുന്നവർക്ക് കുഴലൂതലല്ല മാധ്യമ പ്രവർത്തനം : ഉണ്ണിത്താൻ. എം.പി.