പിതാവിന്റെ ലൈംഗിക പീഡനം : പെൺകുട്ടിയുടെ ഭ്രൂണം രാസപരിശോധനയ്ക്കയച്ചു

കാഞ്ഞങ്ങാട് : പ്ലസ് വൺ വിദ്യാർത്ഥിനിയായ സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെതിരെ പെൺകുട്ടിയുടെ ഭ്രൂണം ശക്തമായ തെളിവാകും. പരിയാരം ഗവ. മെഡിക്കൽ കോളേജിലാണ് പെൺകുട്ടിയെ പോലീസ് എംടിപിക്ക് (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്്നൻസി) വിധേയയാക്കിയത്. ഒമ്പത് ആഴ്ച വളർച്ചയെത്തിയ ഭ്രൂണമാണ് പെൺകുട്ടിയുടെ ഉദരത്തിൽ നിന്ന് മെഡിക്കൽ കോളേജിലെ ഗർഭാശയ രോഗ വിദഗ്ധ പുറത്തെടുത്തത്.

ഇൗ ഭ്രൂണം കേസന്വേഷണ സംഘം രാസപരിശോധനാ ലാബിലേക്ക്  അയച്ചുകൊടുത്തു. പരിശോധനാ ഫലം വൈകാതെ ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു. ഒപ്പം, നാടാകെ നടുങ്ങി നിൽക്കുന്ന ഇൗ കേസ്സിലെ പ്രതിയും നാൽപ്പത്തിയാറുകാരനുമായ പിതാവിന്റെ രക്ത സാമ്പിളും, പോലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയുടെ രക്ത സാമ്പിളും പെൺകുട്ടിയുടെ ഭ്രൂണത്തിന്റെ സാമ്പിളും, രണ്ടും രണ്ടായിത്തീരാൻ സാധ്യതയില്ല. ഫലങ്ങൾ ഒന്നാണെന്ന് ഉറപ്പിക്കുന്ന റിപ്പോർട്ട് ലഭിച്ചാൽ അത് പ്രതിയായ പെൺകുട്ടിയുടെ പിതാവിന് ജീവപര്യന്തം വരെ തടവുശിക്ഷ നൽകാനുള്ള കനത്ത തെളിവായി മാറുക തന്നെ ചെയ്യും.

പെൺകുട്ടിയുടെ മാതാവ് കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് പോകുന്ന അവസരങ്ങളിലാണ് പിതാവ് സ്വന്തം മകളെ ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗം ചെയ്തത്. ആറുമക്കളിൽ നടുക്കണ്ടക്കാരിയാണ് പിതാവിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. പെൺകുട്ടിയുടെ മൂത്ത സഹോദരൻ ഗൾഫിലാണ്. പ്രതിമാസം മുപ്പതിനായിരം രൂപ സഹോദരൻ ഗൾഫിൽ നിന്ന് വീട്ടിലേക്കയക്കും. ഇൗ പണം കൊണ്ടാണ് കുടുംബം ജീവിതം മുന്നോട്ടു നീക്കിയിരുന്നത്.

സ്വന്തം സഹോദരിയെ പിതാവ് ഗർഭിണിയാക്കിയ കാര്യമറിഞ്ഞ് സഹോദരൻ നാട്ടിലെത്തിയിട്ടുണ്ട്. ഗർഭിണിയായ പെൺകുട്ടിയെ സ്കാൻ ചെയ്യാൻ പിതാവ് തന്നെയാണ് കാഞ്ഞങ്ങാട് ടൗണിലുള്ള സ്കാനിംഗ് കേന്ദ്രത്തിലെത്തിച്ചത്. പെൺകുട്ടി ഗർഭിണിയാണെന്ന് സ്കാനിംഗ് വിദഗ്ധ പിതാവിനെ അറിയിച്ചതിന്റെ പിറ്റേന്ന് തന്നെ മകളെ ഗർഭഛിദ്രം നടത്താൻ പിതാവ് മംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും, ഗർഭഛിദ്രം നടത്തുന്നതിന് തൊട്ടുമുമ്പ് ഹൊസ്ദുർഗ്ഗ് പോലീസ് ക്ലിനിക്കിലെത്തി ഗർഭഛിദ്രം തടയുകയും പെൺകുട്ടിയെ തിരിച്ചുകൊണ്ടു വന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിതാവ് ഭയപ്പെടുത്തിയതുമൂലമാണ്   ഏഴുതവണ പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായിട്ടും പെൺകുട്ടി സംഭവം സ്വന്തം മാതാവിനോടുപോലും പറയാതെ മൂടിവെച്ചത്. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെക്കുന്ന ഇൗ കേസ്സിന്റെ അന്വേഷണം ദ്രുതഗതിയിലാണ്. അറുപതു ദിവസത്തിനകം കുറ്റപത്രം കോടതിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കേസ്സന്വേഷണ സംഘം.

കുറ്റപത്രം കോടതിയിലെത്തിയാൽ പിന്നെ പ്രതിക്ക് ജാമ്യം ലഭിക്കില്ല. കേസ് വിചാരണ നടപടികൾ ആരംഭിച്ച് തെളിവുകളുടെ ബലത്തിൽ പോക്സോ കോടതി ശിക്ഷ  പ്രഖ്യാപിച്ചാൽ, പിന്നെ ആ ശിക്ഷ ഏറ്റുവാങ്ങി അനുഭവിക്കലല്ലാതെ പ്രതിക്ക് മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ല. പോക്സോ നിയമവും പെൺകുട്ടിയെ ഗർഭിണിയാക്കിയ പ്രതി സ്വന്തം പിതാവുമാണെന്ന കോടതിയുടെ കണ്ടെത്തലുകളിൽ അപ്പീൽ കോടതിയും സ്വാഭാവികമായി മുഖം കുനിച്ചു നിൽക്കേണ്ടി വരുന്ന അത്രയും കണ്ണിൽച്ചോരയില്ലാത്ത ബലാത്സംഗ കേസ്സിലാണ് നാൽപ്പത്തിയാറുകാരനായ പ്രതി ഇപ്പോൾ റിമാന്റ് തടവിൽ കഴിയുന്നത്.

LatestDaily

Read Previous

വിട പറയാനൊരുങ്ങി വിശുദ്ധ റമദാൻ അവസാന വെള്ളിയിൽ പള്ളികൾ നിറഞ്ഞ് കവിഞ്ഞു

Read Next

യുവഭർതൃമതിയുടെ സെൽഫോൺ ഹാജരാക്കാൻ പോലീസ് നോട്ടീസയച്ചു