വിട പറയാനൊരുങ്ങി വിശുദ്ധ റമദാൻ അവസാന വെള്ളിയിൽ പള്ളികൾ നിറഞ്ഞ് കവിഞ്ഞു

കാഞ്ഞങ്ങാട് : ഇന്ന് റമദാൻ ഇരുപത്തേഴും അവസാന വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസികൾ. ഇരുപത്തേഴാം രാവായ ഇന്നലെ രാത്രിയിൽ വിശ്വാസികൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികളിൽ നല്ലൊരു വിഭാഗം രാത്രി പള്ളികളിൽ ഇഅ്തികാഫിരുന്നു പ്രാർത്ഥനയിൽ മുഴുകി. മരണപ്പെട്ടുപോയ മാതാപിതാക്കളുടെയും കുടുംബ മിത്രാദികളുടയെും മറ്റ് വേണ്ടപ്പെട്ടവരുടെയും കബറിടത്തിൽ പ്രാർത്ഥ നടത്താനും വിശ്വാസികൾ സമയം കണ്ടെത്തി.

ഒപ്പം മഖ്ബറകളിലും മഖാമുകളിലും പ്രാർത്ഥനക്കായി ധാരാളം പേരെത്തുന്നുണ്ടായിരുന്നു. മുസ്്ലീം ഭവനങ്ങളും ഇന്നലെ രാത്രി പ്രാർത്ഥനയിൽ മുഴുകി. ബന്ധുമിത്രാദികളെയും കുടുംബക്കാരെയും നേരിൽക്കണ്ട് ബന്ധം പുതുക്കാനും രോഗികളായ വേണ്ടപ്പെട്ടവരെ കണ്ട് ആശ്വസിപ്പിക്കാനും കുടുംബക്കാർക്കൊപ്പമിരിക്കാനും വിശ്വാസികൾ ധാരാളമായി സമയം ചെലവഴിച്ചു. ഇന്ന് പുലരും വരെ മസ്ജിദുകളും ഭവനങ്ങളും  സജീവമായിരുന്നു.

ഇൗ റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമാ മസ്ജിദുകൾക്ക് നേരത്തെ തന്നെ സജീവത കൈവന്നു. വിശുദ്ധ റമദാൻ വിട പറയുന്നതിന്റെ സന്ദേശമാണ് ഇന്ന് ജുമുഅ ഖുതുബകളിലും പ്രഭാഷണങ്ങളിലും മുഴങ്ങിയത്. റമദാനിലെ വ്രതാനുഷ്ഠാനത്തിലും പ്രാർത്ഥനയിലും ആർജ്ജിച്ചെടുത്ത വിശ്വാസദാർഢ്യം ജീവിതത്തിലുടനീളം പകർത്തി ജീവിതം ചിട്ടപ്പെടുത്താൻ മത പണ്ഡിതർ പ്രഭാഷണങ്ങളിൽ ആഹ്വാനം ചെയ്തു.

ജുമുഅ നമസ്ക്കാരത്തിനെത്തിയവരെ ഉൾക്കൊള്ളാനാവാതെ പള്ളികൾ നിറഞ്ഞ് കവിഞ്ഞു. വൈകിയെത്തിയവർ മസ്ജിദുകളിൽ പ്രവേശിക്കാനാകാതെ പുറത്ത് നിന്ന് പ്രാർത്ഥന നടത്തി. റമദാൻ വിട പറയുന്നതിന്റെ ഗദ്ഗദത്തോടെയാണ് ഇമാമുമാർ പ്രഭാഷണം പൂർത്തിയാക്കിയത്. കരളലിയിക്കുന്ന പ്രാർത്ഥനയോടെയാണ് അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരത്തിനെത്തിയവർ പിരിഞ്ഞത്.

LatestDaily

Read Previous

ഹരിദാസ് വധം: ഒരാൾക്ക് ജാമ്യം, 8 പേരുടെ അപേക്ഷ തള്ളി

Read Next

പിതാവിന്റെ ലൈംഗിക പീഡനം : പെൺകുട്ടിയുടെ ഭ്രൂണം രാസപരിശോധനയ്ക്കയച്ചു