ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്്ലിം ലീഗിനെ ലക്ഷ്യമാക്കി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ എറിഞ്ഞ ചൂണ്ട യുഡിഎഫിൽ അന്തഃ സംഘർഷമുണ്ടാക്കാനുള്ള രാഷ്ട്രീയ തന്ത്രമെന്ന് വിലയിരുത്തൽ. ഇ.പി. ജയരാജന്റെ പ്രസ്താവന ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നതിന് സമാന മാണെന്ന് വ്യാഖാനിക്കപ്പെട്ടതോടെ, യുഡിഎഫ് അങ്കലാപ്പിലാണ്. ഇടതുമുന്നണി വിപുലീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇടതുമുന്നണി കൺവീനർ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഇ.പി. ജയരാജൻ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ചാൽ യുഡിഫിൽ നിന്നുള്ള ആരെയും ഇടതു മുന്നണിയിലേക്ക് സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലീഗിനെ നേരിട്ട് ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചില്ലെങ്കിലും, ഇടതുമുന്നണി കൺവീനറുടെ പ്രസ്താവന ലീഗിനെ ലക്ഷ്യമിട്ടാണെന്ന് സംശയമുയർന്നിരുന്നു. ഇതിന് പിന്നാലെ മുന്നണി മാറാനുള്ള സാഹചര്യം നിലവിലില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയതോടെ യുഡിഎഫ് ക്യാമ്പിൽ പരിഭ്രാന്തിയും വർധിച്ചു.
യുഡിഎഫിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ കക്ഷി മുസ്്ലിം ലീഗാണ്. ലീഗ് മുന്നണി വിട്ടാൽ യുഡിഎഫ് സംവിധാനം തന്നെ പാടെ തകരും. അന്തഃഛിദ്രങ്ങൾ മൂലം കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലീഗ് മുന്നണി വിട്ടാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സന്യാസത്തിന് പോകേണ്ടി വരും. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുമുന്നണിയിൽ ചേക്കേറിയതോടെ യുഡിഎഫ് തീരെ ദുർബ്ബലമായിരിക്കുകയാണ്. കോട്ടയമടക്കമുള്ള മധ്യകേരളത്തിൽ ഏറ്റവും വലിയ ശക്തിയാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്.
യുഡിഎഫിൽ നിലവിവുള്ള മറ്റ് ഘടക കക്ഷികൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ്. യുഡിഎഫ് ഘടക കക്ഷിയായ ആർഎസ്പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പ്രതിനിധിയെപ്പോലും നിയമസഭയിലെത്തിക്കാനായില്ല. സിഎംപിയുടെ അവസ്ഥയും ഇതുതന്നെ. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് മാത്രം ചിലയിടങ്ങളിൽ ഇപ്പോഴും സ്വാധീനമുണ്ട്. എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പന്റെ അവസ്ഥയും കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിലാണ്.
ഇടതുമുന്നണിക്ക് രണ്ടാം തുടർഭരണവും കിട്ടിയതോടെ മുസ്്ലിം ലീഗിന്റെ അവസ്ഥ വളരെ ദയനീയമാണ്. ഭരണമില്ലാത്ത അവസ്ഥ ലീഗ് നേതാക്കൾക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ്. എങ്ങിനെയെങ്കിലും ഭരണത്തിൽ കയറണമെന്ന ലക്ഷ്യത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് ബിജെപി വോട്ടുകൾ വരെ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ലീഗിന്റെ ഭരണ മോഹവും അസ്ഥാനത്തായി. കോൺഗ്രസിനകത്തെ തമ്മിലടി മുസ്്ലിം ലീഗിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് ലീഗിന് നന്നായി അറിയുകയും ചെയ്യാം.
നിലവിലെ സ്ഥിതി തുടർന്നാൽ കേരളത്തിൽ കോൺഗ്രസിന് ഒരു തിരിച്ചുവരവുണ്ടാകാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. മുന്നണി മാറ്റം ആലോചനയിലില്ലെന്ന് കുഞ്ഞാലിക്കുട്ടി ഭംഗി വാക്ക് പറഞ്ഞിട്ടുണ്ടെങ്കിലും , ലീഗിന്റെ നോട്ടം എൽഡിഎഫിലേക്ക് തന്നെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തകർന്നു വീഴാറായ യുഡിഎഫിൽ ലീഗിന് അധിക നാൾ പിടിച്ചു നിൽക്കാനാവില്ലെന്നും വിലയിരുത്തപ്പെടുന്നു. ഒറ്റ പ്രസ്താവന വഴി ഇ.പി. ജയരാജൻ യുഡിഎഫിലേക്ക് വലിച്ചെറിഞ്ഞത് സ്ഫോടക ശേഷി കൂടുതലുള്ള രാഷ്ട്രീയ ബോംബാണെന്ന് വ്യക്തം. പോയാലൊരു വാക്ക് കിട്ടിയാലൊരാന എന്ന വിധത്തിൽ ഇടതുമുന്നണി കൺവീനർ നടത്തിയ പ്രസ്താവന യുഡിഎഫിനെ ഇളക്കി മറിച്ചിട്ടുണ്ട്.