ചെമ്പ് തകിട് മോഷണം കരാറുകാരൻ പിടിയിൽ

പെരിങ്ങോം :  ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന  ചെമ്പുതകിടുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തളിപ്പറമ്പ് വടക്കാഞ്ചേരി സ്വദേശിയും ചെമ്പുതകിട് പതിപ്പിക്കല്‍ കരാറുകാരനുമായ ചാക്യാർ വീട്ടിൽ സി.വി.ജയരാജനെയാണ് 53, പെരിങ്ങോം പോലീസ് ഇന്‍സ്പെക്ടര്‍ പി. സുഭാഷിന്റെ നേതൃത്വത്തിൽ എസ്ഐ പി.യദുകൃഷ്ണന്‍,എഎസ്ഐമാരായ ഹേമന്ത്, ഷറഫുദ്ദീൻ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

എരമം രാമപുരത്തെ കുടുംബക്ഷേത്രമായ മഹാവിഷ്ണു ക്ഷേത്രത്തിലെ തിടപ്പള്ളിക്കകത്തെ മുറിയിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പുതകിടുകൾ മോഷണം പോയെന്ന ക്ഷേത്രം കമ്മിറ്റി ഭാരവാഹി ആര്‍. ഇ.ഗംഗാധരന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രണ്ടുതട്ടുകളായുള്ള ശ്രീകോവിലിന്റെ മുകള്‍തട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം താഴത്തെ തട്ടിന്റെ ചെമ്പുപതിപ്പിക്കല്‍ നടന്നുവരുന്നതിനിടയിലാണ് ആവശ്യമായ അളവില്‍ മുറിച്ച് സൂക്ഷിച്ചിരുന്ന ചെമ്പുതകിടുകള്‍ മോഷണം പോയത്.

സ്ഥലത്ത് വിശദമായ അന്വേഷണം നടത്തിയ പോലീസ് ചെമ്പുപതിപ്പിക്കല്‍ ജോലി  നടത്തിയിരുന്ന ജയരാജനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പലദിവസങ്ങളിലായാണ് ഇദ്ദേഹം ക്ഷേത്രത്തില്‍നിന്നും ചെമ്പ് തകിടുകള്‍ കടത്തിക്കൊണ്ടു പോയത്. ഇദ്ദേഹം ചെമ്പ് തകിടുകൾ തളിപ്പറമ്പിൽ വില്‍പ്പന നടത്തിയതില്‍ കുറച്ചു തകിടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവകൂടി കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

Read Previous

പ്രജുലിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

Read Next

നിർമ്മാണത്തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു