പ്രത്യാശയ്ക്കൊപ്പം  ആശങ്കയും

കേരളം ദീർഘ കാലമായി കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ച ആവശ്യങ്ങളിലൊന്നായ എയിംസ്  അനുവദിച്ച കേന്ദ്ര ഭരണകൂടത്തെ സംസ്ഥാനം നന്ദിയോടെ സ്മരിക്കുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.സംസ്ഥാനങ്ങൾക്കനുവദിച്ച എയിംസ് ആശുപത്രികളുടെ ലിസ്റ്റിൽ കേരളം ഒഴിവാക്കപ്പെടുമോയെന്ന ആശങ്കയാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. അത്യാധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങൾ കേരളത്തിൽ കുറവായതിനാൽ എയിംസ് ഇതിനൊരു പരിഹാരമാകുകതന്നെ ചെയ്യും.

  അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് കീഴിലുള്ള ആശുപത്രികളിൽ ആധുനിക ചികിത്സാ സൗകര്യങ്ങളുണ്ടാകുമെന്നതിനാൽ രോഗികളെ കഴുത്തറുത്ത് കൊല്ലുന്ന സ്വകാര്യ ചികിത്സാ മേഖലയ്ക്ക് എയിംസ് ബദലായിത്തീരുമെന്നതിൽ സംശയമില്ല.പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽത്തന്നെ സ്വകാര്യാശുപത്രികളിലുണ്ടാകുന്ന ചെലവിനേക്കാൾ ഭീമമായ അന്തരം എയിംസുകളിലുണ്ടാകുമെന്നും തീർച്ച.

മികച്ച ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത കേരളത്തിന് മുമ്പിലെ പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണ്. ഗുരുതരമായ പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടാണ് കേരളത്തിലുള്ളത്. രോഗികളെ പിഴിയുന്ന സ്വകാര്യാശുപത്രികളിലെ ചികിത്സ സാധാരണക്കാരായ പൊതുജനത്തിന് സ്വപ്നം കാണാൻ പോലും പറ്റാത്തതിനാൽ ഗുരുതര രോഗങ്ങൾ ബാധിച്ചാൽ ചത്തൊടുങ്ങാൻ മാത്രമാണവർക്ക് വിധി. ഇൗ സാഹചര്യത്തിലാണ് നിർദ്ദിഷ്ട ഏയിംസ് പ്രതീക്ഷയാകുന്നത്.

ഏയിംസ് കേരളത്തിന് ലഭിക്കുമെന്ന കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും സ്ഥാപനം എവിടെയായിരിക്കുമെന്നതിനെക്കുറിച്ച് സംശയങ്ങളും ആശങ്കകളും ഇപ്പോഴും നില നിൽക്കുന്നുണ്ട്. കേരളത്തിന് അനുവദിക്കാൻ സാധ്യതയുള്ള ഏയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഉപവാസ സമരം ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം നടത്തുന്നത് കാസർകോടൻ ജനതയായതിനാൽ ഭരണകൂടവും സമരത്തെ കാര്യമായി ഗൗനിച്ചിട്ടില്ല. ഏയിംസ് കോഴിക്കോട്ട് സ്ഥാപിക്കാനുള്ള നീക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. കരയുന്ന കുഞ്ഞിനേ പാലുള്ളു എന്നാണ് ചൊല്ലെങ്കിലും കാസർകോടൻ ജനതയുടെ തൊണ്ട പൊട്ടിയുള്ള വിലാപങ്ങൾക്ക് സർക്കാർ ഇതുവരെ ചെവി കൊടുത്തില്ലെന്നതാണ് യാഥാർത്ഥ്യം. കുമ്പിളിൽപ്പോലും കഞ്ഞികിട്ടാത്ത കോരന്മാരായി വികസനത്തിന്റെ പടിക്ക് പുറത്ത് കാസർകോട്ടുകാർ അവഗണനയുടെ മഴയിൽ നനയുകയാണ്. കാസർകോട് ജില്ലയ്ക്ക് ഇത്രയൊക്കെ മതിയെന്ന് തീരുമാനിച്ചുറച്ചപോലെയാണ് കാലാകാലങ്ങളായി മാറി വന്ന സർക്കാരുകൾ പെരുമാറിക്കൊണ്ടിരിക്കുന്നത്.

ചികിത്സാ സൗകര്യങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല കാസർകോട്  തന്നെയാണ്. പട്ടിണിപ്പാവങ്ങൾക്ക് ചികിത്സാ സൗകര്യമൊരുക്കാൻ ഉക്കിനടുക്കയിൽ അര മെഡിക്കൽ കോളേജ് നൽകിയാണ് സർക്കാർ സ്വന്തം ജനതയെ പരീക്ഷിക്കുന്നത്. ജില്ലാ ആശുപത്രിയുടെ കാര്യത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. രോഗം വന്നാൽ കർണ്ണാടകയിലേക്ക് പോകേണ്ട ഗതികേടിലാണ് കാസർകോട് ജില്ലാ നിവാസികൾ.

കാസർകോട് ജില്ലയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ശബ്ദമുയർത്തേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിർഭാഗ്യവശാൽ നിശബ്ദതയിലുമാണ്. എയിംസ് കാസർകോടിന് നൽകില്ലെന്ന് ഉറപ്പിച്ചപോലെ പെരുമാറുന്ന സർക്കാർ എയിംസിന്  വേണ്ടി കാസർകോട്ട് സമരം നടത്തുന്ന സംഘടനകളോട് കാര്യങ്ങൾ വ്യക്തമാക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം. കോഴിക്കോട്ടെ നിർദ്ദിഷ്ട എയിംസ് ഉത്തര കേരളത്തിലുള്ളവർക്ക് ഏറെ അകലെയല്ലെങ്കിലും, സ്ഥാപനം കാസർകോട്ട് സ്ഥാപിക്കുന്നതാണ് ഏറ്റവുമുചിതം. എത്ര കാലമാണ് കാസർകോടൻ ജനത ചികിത്സയ്ക്കായി കർണ്ണാടകയെ ആശ്രയിക്കുകയെന്ന ചോദ്യത്തിനെങ്കിലും സർക്കാർ മറുപടി നൽകേണ്ടതാണ്.

LatestDaily

Read Previous

പുല്ലൂർ കവർച്ച : സഹോദരങ്ങൾ അറസ്റ്റിൽ

Read Next

കൊലക്കേസ് പ്രതിയുടെ വീട്ടു വരാന്തയിൽ റീത്ത്