ഹോട്ടൽ തകർത്ത സംഭവത്തിൽ കേസ്സില്ല

കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിൽ യുവേഴ്സ് ഹോട്ടൽ ചിലർ അതിക്രമിച്ച് അടിച്ചു തകർത്ത സംഭവത്തിൽ വാദിയും പ്രതിയും പരസ്പരം പൊരുത്തപ്പെട്ട സ്ഥിതിക്ക് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തില്ല. ഏപ്രിൽ 24- ന് ഞായറാഴ്ച രാത്രി  8-30 മണിയോടെയാണ് ഒരു സംഘം ആൾക്കാർ പുതിയ ബസ് സ്റ്റാന്റിന് തൊട്ടുമുന്നിലുള്ള  ഹോട്ടൽ അടിച്ചുപൊളിച്ചത്.

ഷവർമ്മ തിന്നാൻ രാത്രിയിൽ ഹോട്ടലിലെത്തിയ ആൾക്ക് നൽകിയ ഷവർമ്മയുടെ നിറ വ്യത്യാസം ഈ ഹോട്ടലിലെ ഷവർമ്മ മേക്കറായ കാസർകോട് യുവാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ” വേണമെങ്കീൽ നക്കീട്ട് പോ-” എന്ന അന്തസ്സില്ലാത്തതും ക്രൂരവുമായ  മറുപടിയാണ് ഷവർമ്മ മേക്കർ നൽകിയത്. ഇതേച്ചൊല്ലി ഷവർമ്മ മേക്കറും, ഷവർമ്മ വാങ്ങിയ ആളും തമ്മിൽ വാക്കുതർക്കം നടന്നപ്പോൾ ഷവർമ്മ വാങ്ങിയ ആളെ ഷവർമ്മ മേക്കർ  മുഖത്തടിക്കുകയും ചെയ്തു.

ഷവർമ്മ വാങ്ങിയ ആൾ പുറത്തുപോയി ഏതാനും ചില  സുഹൃത്തുക്കളുമായി തിരിച്ചെത്തി ഷവർമ്മ  മേക്കറെ നേരിടാനൊരുങ്ങിയപ്പോൾ, ഷവർമ്മ മേക്കർ ഹോട്ടലിനകത്ത് ഓടിക്കയറി കത്തിയുമായി  പുറത്തെത്തി പുറത്തുനിന്നെത്തിയവരെ നേരിടാനൊരുങ്ങിയതോടെ സ്ഥിതിഗതികൾ സംഘർഷത്തിലെത്തി.

ഷവർമ്മ മേക്കർ പിന്നീട് ഹോട്ടലിനകത്ത് കയറി രക്ഷപ്പെട്ടതോടെ പുറത്തു നിന്നെത്തിയവർ ഹോട്ടലിന്റെ  മുന്നിലുള്ള ഷവർമ്മ തട്ടും  ചില്ലുകളും മറ്റും അടിച്ചുതകർക്കുകയായിരുന്നു. രാത്രിയിൽ പോലീസ്  കുതിച്ചെത്തി സംഘർഷം ഒഴിവാക്കി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളിനോട് അസഭ്യം പറഞ്ഞത് തെറ്റായിപ്പോയെന്ന് ഹോട്ടലുടമ ചന്ദ്രൻ തുറന്നു സമ്മതിച്ചു.

കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് ഷവർമ്മ ജോലിക്കാർ. ഹോട്ടൽ അടിച്ചുതകർത്തതിന് പുറത്തുനിന്നെത്തിയവരുടെ പേരിലും, ഷവർമ്മ കഴിക്കാനെത്തിയ ആളെ മർദ്ദിച്ചതിന് ഷവർമ്മ മേക്കറുടെയും പേരിൽ കേസ്സെടുക്കാൻ പോലീസ് ഒരുങ്ങിയെങ്കിലും, വാദിയും പ്രതിയും  പരസ്പരം അനുനയത്തിലെത്തിയതിനാൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തില്ല.

Read Previous

പിതൃ പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രി വിട്ടു

Read Next

എംഡിഎംഏയുമായി യുവാവ് പിടിയിൽ