പട്ടാക്കാലിൽ വീട് കുത്തി തുറന്ന് കവർച്ച

കാഞ്ഞങ്ങാട് : പട്ടാക്കാലിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു. വീട്ടുടമസ്ഥൻ കുടുംബ സമേതം അമ്പലത്തിൽ തെയ്യം കാണാൻ പോയപ്പോഴാണ് കവർച്ച നടന്നത്. പട്ടാക്കാലിലെ പാൽ സൊസൈറ്റി ജീവനക്കാൻ ഏ. വിനോദിന്റെ വീട്ടിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. വിനോദ് കുടുംബ സമേതം പട്ടാക്കാൽ മുത്തപ്പൻ ക്ഷേത്രത്തിൽ തെയ്യം കാണാൻ പോയപ്പോഴാണ് സംഭവം. ഇന്നലെ വൈകുന്നേരം അമ്പലത്തിൽപ്പോയ വിനോദ് രാത്രി 10 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വീട്ടിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ തുറക്കാൻ കഴിഞ്ഞില്ല.

തുടർന്ന് വീടിന്റെ പിൻവശത്ത് കൂടി അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്ന വിവരമറിഞ്ഞത്.

വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 7 പവന്റെ സ്വർണ്ണാഭരണങ്ങളും 1.40 ലക്ഷം രൂപയും കാണാതായിട്ടുണ്ട്. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടുകാരുടെ നീക്കങ്ങൾ  നിരീക്ഷിച്ച മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. വിനോദിന്റെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

രേഷ്മയുടെ വീടിന് പോലീസ് കാവൽ

Read Next

ലേറ്റസ്റ്റ് വേനൽമഴയിൽ ശോഭിക 1500 പ്രിവിലേജ് കാർഡുകളും