സദാചാര ഞരമ്പ് രോഗം

കാസർകോട് അടുത്തടുത്ത ദിവസങ്ങളിലായി നടന്ന സദാചാര ഗുണ്ടാ ആക്രമണങ്ങൾ ജില്ലയ്ക്ക് തന്നെ അപമാനമാണ്. പരസ്പരം മിണ്ടിയതിനാണ് കൗമാരപ്രായക്കാരായ യുവാക്കളെ  സദാചാര ഞരമ്പ് രോഗികൾ കയ്യേറ്റം ചെയ്തത്. ഒരാണ് പെണ്ണിനോട് സംസാരിച്ചാൽ ഇടിഞ്ഞുവീഴുന്ന ആകാശമാണ് കാസർകോടിന് മുകളിലെന്ന് തോന്നുന്ന രീതിയിലാണ് ജില്ലാ ആസ്ഥാനത്ത് നടന്ന സദാചാര ഗുണ്ടാ ആക്രമണം. പതിനെട്ടാം നൂറ്റാണ്ടിലെ സാംസ്ക്കാരിക ബോധത്തിന്റെ തുരുമ്പിച്ച സ്കെയിലുപയോഗിച്ചാണ് ചില മത തീവ്ര ചിന്താഗതിക്കാർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംസ്ക്കാരത്തെ അളക്കുന്നതെന്ന്  വ്യക്തം.

കാലമേറെ പുരോഗമിക്കുകയും ആൺപെൺ സൗഹൃദങ്ങളുടെ അളവുകോലുകൾ മാറുകയും ചെയ്ത വിവരം ഇത്തരമാൾക്കാർ ഇനിയും അറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. തലച്ചോറിന് പകരം ലിംഗങ്ങൾ കൊണ്ട് ചിന്തിക്കുന്നവരാണ് സദാചാര  ഞരമ്പ് രോഗികളെന്ന് തെളിയിക്കുന്നതാണ് കാസർകോട്ടെ സംഭവങ്ങൾ. സഹപാഠിയായ പെൺസുഹൃത്തുമായി വഴിയരികിൽ സംസാരിച്ചു നിന്നതിനാണ് ഒരു വിദ്യാർത്ഥിയുടെ കർണപുടം സദാചാര ഗുണ്ട അടിച്ചുതകർത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് സിനിമാ ശാലയ്ക്ക് മുന്നിൽ നിന്ന വിദ്യാർത്ഥിയെ ഒപ്പം പെൺകുട്ടിയെ കണ്ടതിന്റെ പേരിൽ സദാചാര  ഞരമ്പ് രോഗികൾ ആക്രമിച്ചത്. രണ്ടും വ്യത്യസ്ത സംഭവങ്ങളാണെങ്കിലും, വിഷയം ചീഞ്ഞളിഞ്ഞ സദാചാര ബോധം തന്നെ.

  സാംസ്കാരിക വൈവിധ്യം കൊണ്ട് സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളേക്കാളും ഏറെ മുൻപന്തിയിലാണ് കാസർകോട് ജില്ല. സപ്തഭാഷകൾ  സംസാരിക്കുകയും വ്യത്യസ്ത സംസ്കാരങ്ങൾ അനുശീലിക്കുകയും  ചെയ്യുന്ന ജനതയാണ് കാസർകോടൻ മണ്ണിൽ  ജീവിക്കുന്നത്. ലോക ടൂറിസം ഭൂപടത്തിൽ വരെ അടയാളപ്പെടുത്തപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ജില്ലയ്ക്ക് സ്വന്തം. കോട്ടകളാൽ സമ്പന്നമായ വേറൊരു ജില്ല സംസ്ഥാനത്തില്ല. കാസർകോടിന്റെ ഈ സാംസ്കാരിക ഗരിമയെ കളങ്കപ്പെടുത്തുന്നതാണ് ജില്ലാ ആസ്ഥാനത്ത് നടന്ന സദാചാരഗുണ്ടാ പ്രവർത്തനങ്ങളെന്നതിൽ സംശയമേതുമില്ല.

സദാചാര സംരംക്ഷണത്തിന്റെ കുത്തക ഏതെങ്കിലും മതതീവ്രവാദ ശക്തികൾക്ക്  ഇതേവരെ എഴുതിക്കൊടുത്തിട്ടില്ലെങ്കിലും,  ചിലർ സദാചാര സംരംക്ഷകരായി വേഷം കെട്ടിയാടുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സദാചാര ഞരമ്പ് രോഗികൾ ഇപ്പോഴുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ കലണ്ടർ മാറ്റാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതമാസ്വദിക്കുന്ന വിചിത്ര ജീവികളാണ് ഇക്കൂട്ടർ. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകളെപ്പോലെയുള്ള അപൂർവ്വ ജനുസ് കൂടിയാണ് സദാചാര സംരംക്ഷണ വേഷക്കാർ.

സ്ത്രീ പുരുഷന്മാർക്ക് പരസ്പരം ഒന്ന് മിണ്ടാൻ പോലും അനുവാദമില്ലാത്ത ഉട്ടോപ്യൻ റിപ്പബ്ലിക്കാണ് സദാചാരവാദികളുടെ സ്വപ്നം. ഇരുപത്തൊന്നാം നൂറ്റാണ്ട് യൗവ്വനത്തോടടുക്കുമ്പോഴും ഇത്തരം ചിന്താഗതിക്കാരുടെ വംശനാശം സംഭവിച്ചിട്ടെല്ലന്നതാണ് കൗതുകം. കാസർകോട്ട് നടന്ന തരത്തിലുള്ള സദാചാര ഗുണ്ട ആക്രമണങ്ങൾ ഇനിയും ആവർത്തിക്കരുതാത്തതാണ്. വഴിയരികിൽ  സംസാരിച്ച് നിൽക്കുന്നവരെപ്പോലും അശ്ലീല ബോധത്തോടെ നിരീക്ഷിക്കുന്ന സദാചാര ഞരമ്പ് രോഗികൾക്ക് മുരിക്കിൻവടി കൊണ്ടുള്ള പ്രഹരമാണ് ചികിത്സയായി നൽകേണ്ടത്.

കർണ്ണാടകയിൽ നടക്കുന്ന സദാചാര ഗുണ്ടാ ആക്രമണങ്ങളുടെ കാർബൺ കോപ്പിതന്നെയാണ് കാസർകോട്ട് നടന്ന സംഭവങ്ങളും. വികലമായ ചിന്തകളുടെയും കാലഹരണപ്പെട്ട സദാചാര ബോധത്തിന്റെയും ഉത്പന്നമാണ് ഇരുസംഭവങ്ങളുമെന്ന്  സംശയ രഹിതമായി ഉറപ്പിക്കാം. ഇത്തരം നിലപാടുകൾക്ക് വളം വെച്ച് കൊടുത്താൽ നാളെ സദാചാരവാദികൾ വീടുകൾ തേടിയെത്താനും സാധ്യതയുണ്ട്. സദാചാര സംരംക്ഷകരുടെ വേഷമിട്ട ക്രിമിനലുകളെ അരങ്ങുവാഴാനനുവദിക്കാതെ നിയന്ത്രിക്കേണ്ടത് നിയമപാലകരുടെ മാത്രമല്ല സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

LatestDaily

Read Previous

ഹോസ്ദുർഗ് പോലീസ് സ്റ്റേഷന് ജനകീയമുഖം

Read Next

വീട്ടമ്മ കാറിടിച്ച് മരിച്ചു