ഹരിദാസൻ കൊലക്കേസ്സിൽ പ്രതിയായ അധ്യാപിക രാജി വെച്ചു

തലശ്ശേരി : സി.പി.എം.പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ കെ.ഹരിദാസനെ 54, വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊന്ന കേസിൽ പ്രതി ചേർക്കപ്പെട്ട അണ്ടലൂരിലെ ശ്രീ നന്ദനത്തിൽ പി.എം. രേഷ്മ 42, ജോലി രാജിവെച്ചു. പുന്നോലിലെ അമൃത സ്കൂളിൽ അധ്യാപികയായിരുന്ന രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഹരിദാസൻ വധക്കേസിൽ 15-ാം പ്രതിയാണ് രേഷ്മ.

ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് രാജി നൽകിയത്. എന്നാൽ അധ്യാപികയെ  സ്കൂൾ അധികൃതർ സസ്പെന്റ് ചെയ്തതാണെന്നും സൂചനയുണ്ട്. കേസിൽ 14-ാം പ്രതിയായ ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹ് ചെള്ളത്ത് മടപ്പുരക്കടുത്ത പാറക്കണ്ടി നിജിൽദാസിനെ 38, കഴിഞ്ഞ ദിവസം പിണറായി പാണ്ഡ്യാലമുക്കിലെ മാളിക വീട്ടിൽ നിന്നും ഹരിദാസ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം പിടികൂടിയിരുന്നു.

നിജിൽദാസ് ഒളിച്ചു താമസിച്ച വീട് രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പ്രശാന്ത് ഗൾഫിലായതിനാൽ രേഷ്മയാണിപ്പോൾ വീട് കൈകാര്യം ചെയ്യുന്നത്.  കൊലക്കേസ് പ്രതിക്ക് ഒളിച്ചു കഴിയാൻ സ്വന്തം വീട് നൽകിയെന്ന കുറ്റത്തിനാണ് ഇവരെയും അറസ്റ്റ് ചെയ്തിതിരുന്നത്.

ഇതിനിടെ രേഷ്മയുടെ അറസ്റ്റും ജാമ്യവും രാഷ്ട്രിയ ബന്ധങ്ങളും ഉയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപെ ഇവരുടെ വീട്ടുപരിസരത്തും അണ്ടലൂർ കാവിനടുത്തുമായി കുത്തുവാക്കുകളുമായി പോസ്റ്റരുകൾ പ്രത്യക്ഷപ്പെട്ടു. ദൈവത്താറീശ്വരൻ വൈകിക്കില്ല. ഈശ്വരനെ വെച്ച് രാഷ്ട്രീയം കളിച്ചവർ കൊലക്കേസിൽ അറസ്റ്റിൽ  തുടങ്ങിയ വരികളാണ് പോസ്റ്ററുകളിൽ കാണുന്നത്.

LatestDaily

Read Previous

നിരോധിത നോട്ടുകളുടെ ഇടപാട് വ്യാപകം

Read Next

ഹോസ്ദുർഗ് പോലീസ് സ്റ്റേഷന് ജനകീയമുഖം