ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലയാട് രവി
തലശേരി: പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതിക്ക് ഒളിച്ചു താമസിക്കാൻ സ്വന്തം വീട് നൽകിയ യുവ അധ്യാപിക അറസ്റ്റിൽ. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി എം രേഷ്‌മയാണ് 42, അറസ്റ്റിലായത്. വീട് നൽകിയത് കൊലക്കേസ് പ്രതിയാണെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് പോലീസിന് തെളിവു ലഭിച്ചു. ഒളിച്ചു താമസിക്കാൻ ഒരിടംവേണമെന്ന് പറഞ്ഞ് വിഷുവിന് ശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്.
17 മുതൽ പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ നിജിൽദാസിന് താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവുമൊരുക്കിക്കൊടുത്തു. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചു. വാട്‌സ്ആപ്പ് കോളിലൂടെയായിരുന്നു സംസാരം. ഇവരുടെ സെൽ ഫോൺ പോലീസ് കസ്റ്റഡിയിലുണ്ട്. രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞ് തന്നെയാണ് സ്വന്തം വീട് രേഷ്‌മ ഒളിച്ചു താമസിക്കാൻ നൽകിയത്.
വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പുന്നോൽ അമൃത വിദ്യാലയത്തിലേക്ക് നിജിൽദാസിന്റെ ഓട്ടോയിലായിരുന്നു മിക്ക ദിവസവും രേഷ്‌മയുമെത്തിയത്. ബസ് സ്‌റ്റോപ്പിൽ നിന്ന് സ്‌കൂളിലും തിരിച്ചുമെത്തിക്കാൻ കൃത്യസമയത്ത് നിജിൽദാസ് എത്തുമായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ് ഫോൺ സംഭാഷണത്തിലെ വിവരങ്ങളും. മുഴുവൻ തെളിവും ശേഖരിച്ച ശേഷമാണ് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഗൾഫിൽ ജോലി ചെയ്യുന്ന അണ്ടലൂർ കാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ് രേഷ്‌മ.
അണ്ടലൂർ കാവിനടുത്ത വീട്ടിലാണ് രേഷ്‌മയും മക്കളും താമസം. രണ്ട് വർഷം മുമ്പ് കുടുംബം നിർമ്മിച്ച രണ്ടാമത്തെ വീടാണ് പിണറായി പാണ്ട്യാല മുക്കിലേത്. പ്രശാന്ത് ഗൾഫിൽ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് 200 മീറ്റർ ദൂരമേ പാണ്ട്യാല മുക്കിലെ വീട്ടിലേക്കുള്ളൂ. നിജിൽദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം അമൃത വിദ്യാലയത്തിലെ മീഡിയ കോഓഡിനേറ്റർ കൂടിയായ അധ്യാപികക്ക് പത്രങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ച് താമസിപ്പിച്ചത് ഐപിസി 212 വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹരിദാസൻ വധത്തിന് ശേഷം ഒളിവിൽ പോയ നിജിൽദാസ് ഇതിന് മുൻപ് താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു.