ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയന്റെ തലശ്ശേരി പിണറായിലെ വീടിനടുത്ത് കൊലക്കേസ് പ്രതിയായ ആർ.എസ്.എസ്. നേതാവ് ഒളിച്ചുകഴിഞ്ഞ ആഡംബര വീട് ഇന്നലെ രാത്രിയിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞും അടിച്ചും തകർത്തു. മുഖ്യമന്ത്രിയുടെ പാണ്ഡ്യാലമുക്കിലുള്ള വീടിന് ഉദ്ദേശം 200 മീറ്റർ മാത്രം ദൂരത്തുള്ള രയരോത്ത്പൊയിൽ മയിൽപ്പീലി എന്ന വീടാണ് രോഷാകുലരായി എത്തിയ ഒരു കൂട്ടം ആക്രമിച്ചത്. ആദ്യം വീടിന് പുറത്തെ നാലു വശത്തുമുള്ള ജനലുകൾ തല്ലിപ്പൊട്ടിച്ചു. വരാന്തയിലുണ്ടായ കസേരകൾ കിണറ്റിലിട്ടു. പിന്നീട് മുൻവശത്ത് ചുമരിനും വരാന്തയ്ക്കും ബോംബെറിഞ്ഞു.സ്റ്റീൽ ബോംബാണ് എറിഞ്ഞത്.
സ്ഫോടനത്തിൽ വരാന്തയിലെ തറയോടുകൾ ഇളകിത്തെറിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി, ധർമ്മടം, പിണറായി ഭാഗങ്ങളിൽ നേരിയ മഴയുംശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. ഇടിമുഴക്കത്തോടൊപ്പമാണ് ബോംബ് സ്ഫോടനവുമുണ്ടായത്. എല്ലാം ശമിച്ചതോടെയാണ് വീടാക്രമിക്കപ്പെട്ടതായി നാടറിഞ്ഞത്. വിവരം ലഭിച്ചതോടെ പിണറായി പോലിസ് സ്ഥലത്തേക്കോടിയെത്തി. തൊട്ടുപിന്നാലെ കൂത്തുപറമ്പ് ഏ.സി.പി, പ്രദീപൻ കണ്ണി പ്പൊയിൽ, തലശ്ശേരി ഏ.സി.പി. വിഷ്ണു പ്രദീപ്, എന്നിവരും കണ്ണൂരിൽ നിന്ന് ശ്വാന സേന, ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് കുതിച്ചെത്തി.
ഇവർ നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.’ കൊലക്കേസ് പ്രതിയായ ആർ.എസ്. എസ് പ്രവർത്തകൻ ഒളിച്ചു താമസിച്ച സി.പി.എം. കേന്ദ്രത്തിലുള്ള വീട് ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിട്ടും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തത് ലോക്കൽ പോലീസിന്റെ വീഴ്ചയായി മാറി.
ഇതിനിടെ ഇന്നലെ പുലർച്ചെ അറസ്റ്റിലായ ആർ.എസ്.എസ്.നേതാവ് നിജിൽ ദാസിനെയും നിജിൽ ദാസിന് ഒളിച്ചു താമസിക്കാൻ സ്വന്തം വീട് നൽകിയ അണ്ടലൂരിലെ അധ്യാപിക രേഷ്മയെയും തലശ്ശേരി കോടതി റിമാന്റ് ചെയ്ത് കണ്ണൂർ ജയിലിലേക്കയച്ചു. രേഷ്മ താമസിക്കുന്ന അണ്ടലൂരിലെ വീട്ടുപരിസരത്ത് പിങ്ക് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. രേഷ്മയുടെ രണ്ട് മക്കളും അമ്മയുമാണിപ്പോൾ ഇവിടെയുള്ളത്. രേഷ്മയുടെ ഭർത്താവ് പ്രശാന്ത് മൂന്നാഴ്ച മുമ്പാണ് ഗൾഫിലേക്ക് പോയത്.