കടമുറി ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് പരാതി

കാഞ്ഞങ്ങാട് : കച്ചവട സ്ഥാപനം ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകിയതായി വ്യാപാരിയുടെ പരാതി. അതിഞ്ഞാലിലെ ബടക്കൻ ബിൽഡിംഗിൽ സ്ഥാപനം നടത്തുന്ന ചിത്താരി നസ്രീന മൻസിലിലെ എം.കെ. അബ്ദുൾഖാദറാണ് കെട്ടിട ഉടമയായ കുഞ്ഞാസിയ, ഭർത്താവ് പാലായി കുഞ്ഞബ്ദുള്ള മുതലായവർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്. ആറ് ഷട്ടർ മുറികളാണ് എം.കെ. അബ്ദുൾ ഖാദർ വാടകയ്ക്കെടുത്തിരുന്നത്. അതിലൊരു മുറി മാസങ്ങൾക്ക് മുമ്പ് പാലായി കുഞ്ഞബ്ദുള്ളയും സംഘവും ഭീഷണിപ്പെടുത്തി കയ്യേറിയെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

2022 ജനുവരി 15-ന് വീണ്ടും കടയിലെത്തിയ സംഘം തന്നെ ഭീഷണിപ്പെടുത്തിയതായി അബ്ദുൾ ഖാദർ പരാതിയിൽ പറയുന്നു. തന്നെ വക വരുത്താൻ കെട്ടിട ഉടമകൾ മംഗളൂരുവിലെ ക്വട്ടേഷൻ സംഘത്തിനെ ഏൽപ്പിച്ചതായി യുവാവ് ആരോപിക്കുന്നു. 3 ലക്ഷം രൂപയാണ് ക്വട്ടേഷൻ തുകയെന്നും തന്നെ മുറിയിൽ നിന്നും ഒഴിപ്പിക്കാനുള്ളതാണ് ക്വട്ടേഷനെന്നും അബ്ദുദുൾ ഖാദർ പറഞ്ഞു. വാടക മുറികൾ കൈക്കലാക്കി തന്നെ ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ സംഘത്തിൽ നിന്നും സംരക്ഷണമാവശ്യപ്പെട്ടാണ് അബ്ദുൾ ഖാദറിന്റെ പരാതി.

LatestDaily

Read Previous

സദാചാര ഗുണ്ടായിസത്തിന് പിന്നിൽ വർഗ്ഗീയ സംഘടനകൾ

Read Next

നിരോധിത നോട്ടുകളുടെ ഇടപാട് വ്യാപകം