പുന്നോൽ ഹരിദാസ് വധക്കേസിൽ ആർഎസ്എസ് കാര്യവാഹ് പിടിയിൽ

പാലയാട് രവി

തലശ്ശേരി : സി.പി.എം. പ്രവർത്തകനും മത്സ്യ ബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിൽ കെ.ഹരിദാസനെ 52, സ്വന്തം വീട്ടുമുറ്റത്തിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി ഇടതു കാൽ വെട്ടിയെറിഞ്ഞ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. പുന്നോൽ ചെള്ളത്ത് മഠപ്പുരക്കടുത്ത പാറക്കണ്ടി നിജിൽദാ സാണ് 38, അറസ്റ്റിലായത്. 20 ഓളം ശാഖകളുടെ ഉത്തരവാദിത്വമുള്ള ആർ.എസ്.എസ്. ഖണ്ഡ് കാര്യവാഹ് ആയ പ്രതി പിടിയിലായത് പിണറായി പാണ്ഡ്യാല മുക്കിൽ മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെയുള്ള വാടക വീട്ടിൽ നിന്നാണ്.

കൊലക്കേസിൽ പോലീസ് തിരയുന്നതായി മനസിലായതിനെ തുടർന്ന് മുങ്ങിയ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നു. കേസിൽ പങ്കില്ലെന്നും നിരപരാധിയാണെന്നും, ചൂണ്ടിക്കാട്ടി നിജിൽ ദാസ് നൽകിയ അപേക്ഷ കോടതി അനുവദിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ  പിണറായി പാണ്ട്യാല മുക്കിനും ഡോക്ടർ മുക്കിനും മദ്ധ്യയുള്ള പോക്കറ്റ് റോഡരികിൽ പ്രവാസി വാടകയ്ക്ക് നൽകി വരുന്ന വീട്ടിലാണ് നിജിൽദാസ് പിടിയിലായത്. ഇയാൾക്കിവിടെ ഭക്ഷണവുമെത്തിച്ചു നൽകിയിരുന്നു.

പ്രദേശത്തെ സാമാന്യം വലിയ വീടാണിത്. ആവശ്യക്കാർക്ക് ഓരോ മുറികളായും വാടകക്ക് നൽകാറുണ്ട്. ഗൾഫിലുള്ള ഉടമയുടെ ഭാര്യയാണ് വാടക ഇടപാട് നടത്തുന്നത്. മാഹി എസ്.ഐമാരായ  വിപിൻ, അനിൽകുമാർ,, , സി.പി ഒ മാരായ റിജീഷ്, അനുഷ  എന്നിവരും പാർട്ടിയും ചേർന്നാണ് സാഹസീകമായി വീട് വളഞ്ഞ് പ്രതിയെ കീഴടക്കിയത്. പിണറായി പോലീസിന്റെയും, സ്ട്രൈക്കർ ഫോഴ്സിന്റേയും സഹായവുമുണ്ടായിരുന്നു. നിജിൽദാസ് ഒളിവിൽ കഴിയുന്ന വീട് ടവർ ലൊക്കേഷൻ ഉപയോഗിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.

സി പി എമ്മിന്റെ ശക്തികേന്ദ്രത്തിൽ സംസ്ഥാന  മുഖ്യമന്ത്രിയുടെ സ്വന്തം വീട്ടുപരിസരത്തായി ആരുമറിയാതെയും ആരുടെയും ശ്രദ്ധയിൽപ്പെടാതെയും കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ സംഭവം പോലീസിനെയും, നാട്ടുകാരെയും  അമ്പരപ്പിച്ചു.  ന്യൂ മാഹി സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

പതിനാറുകാരിയെ പതിനാലുകാരൻ ഗർഭിണിയാക്കിയ സംഭവത്തിൽ  ജനങ്ങളിൽ നടുക്കം

Read Next

ഗതാഗതക്കുരുക്കിന് മേമ്പൊടിയായി ചരക്കിറക്കുന്ന ലോറികളും