അശോകന്റെ പൊടിപോലുമില്ല പോലീസ് ഇരുട്ടിൽ തപ്പുന്നു

കാഞ്ഞങ്ങാട്: കവർച്ചാകേസ് പ്രതി കറുകവളപ്പിൽ അശോകന് വേണ്ടി പോലീസ് നടത്തിയിരുന്ന തെരച്ചിൽ കൂടി അവസാനിച്ചതോടെ അശോകൻ എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പോലീസ്. അശോകൻ മടിക്കൈ കാട്ടിൽ നിന്നും രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ് പ്രദേശത്തെ തെരച്ചിൽ നിർത്തിവെച്ചത്. ഹോസ്ദുർഗ്, അമ്പലത്തറ, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപിച്ചു കിടക്കുന്ന മുന്നൂറേക്കറോളമുള്ള പാറപ്രദേശത്തെ കാട്ടിനുള്ളിലാണ് കവർച്ചാ കേസുകളിൽ പ്രതിയായ കാഞ്ഞിപ്പൊയിൽ പെരളത്ത് വീട്ടിൽ അഭിയെന്ന  അശോകൻ 33, ഒളിവിൽ കഴിഞ്ഞിരുന്നത്.

മടിക്കൈയുടെ ഉറക്കം കെടുത്തിയ അശോകൻ തായന്നൂർ, കാഞ്ഞിപ്പൊയിലിലെ തണ്ണീർപന്തൽ,  മടിക്കൈ കറുകവളപ്പ് എന്നിവിടങ്ങളിൽ നടന്ന 3 കവർച്ചാ കേസുകളിലെ പ്രതിയാണ്. തായന്നൂരിലെ പ്രഭാകരന്റെ വീട്ടിൽ നിന്നും മൊബൈൽ  ഫോണുകൾ, സ്വർണ്ണം, പണം എന്നിവ അപഹരിച്ച സംഭവത്തിൽ കറുകവളപ്പിൽ  അശോകനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തിരുന്നു. പ്രസ്തുത കവർച്ചാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിൽ  അശോകന്റെ കൂട്ടാളിയും , സ്വകാര്യ ബസ് കണ്ടക്ടറുമായ ബേഡഡുക്കയിലെ മഞ്ജുനാഥയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇദ്ദേഹം  ഇപ്പോൾ റിമാന്റിലാണ്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ മാർച്ച് 9-നാണ് കറുകവളപ്പിലെ ചുമട്ട് തൊഴിലാളി അനിലിന്റെ ഭാര്യ ബിജിതയെ കറുകവളപ്പിൽ അശോകൻ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തത്. റിപ്പർ മോഡൽ ആക്രമണം നടത്തി യുവതിയെ അടിച്ചു വീഴ്ത്തിയതോടെയാണ് അശോകൻ മടിക്കൈയുടെ  പേടി സ്വപ്നമായത്. പിന്നീട് നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു. അശോകനെ തെരയാൻ മടിക്കൈയിൽ വിന്യസിച്ച പോലീസ് സംഘങ്ങൾക്കൊപ്പം നാട്ടുകാരുമുണ്ടായിരുന്നു. പോലീസും, നാട്ടുകാരും കാട് അരിച്ചുപെറുക്കുമ്പോഴും അശോകൻ പലസ്ഥലങ്ങളിലും  പ്രത്യക്ഷപ്പെട്ട് വീടുകളിൽ നിന്നും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചിരുന്നു.

അശോകനെ തെരഞ്ഞ് പോലീസ് വെള്ളം കുടിച്ചതല്ലാതെ പ്രയോജനമൊന്നുമുണ്ടായില്ല. ഡ്രോൺ ക്യാമറയടക്കമുപയോഗിച്ച് നടന്ന തെരച്ചിലും ഫലം കണ്ടില്ല. നാല് സംഘങ്ങളായാണ് പോലീസ് മടിക്കൈയിലെ കാട് മുഴുവൻ തെരച്ചിൽ നടത്തിയത്. ഏറ്റവുമൊടുവിൽ അശോകനെ പരപ്പ നായിക്കയത്ത് കണ്ടതായി പ്രചാരണമുണ്ടായിരുന്നുവെങ്കിലും വാർത്ത  സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അശോകൻ മടിക്കൈയിൽ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനമെങ്കിലും, യുവാവ് എവിടെയെന്ന ചോദ്യത്തിന് പോലീസിന് ഉത്തരം കണ്ടെത്താനായിട്ടില്ല.

പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയതാണ് അശോകന്റെ കവർച്ചാ പരമ്പരകൾ. കവർച്ചയിലെ കൂട്ടുപ്രതിയായ മഞ്ജുനാഥയെ പിടികൂടാൻ കഴിഞ്ഞത് മാത്രമാണ് പോലീസിനുള്ള ഏക ആശ്വാസം. കവർച്ചാ പരമ്പരകൾ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കവർച്ചക്കാരെ കണ്ടെത്താൻ കഴിയാത്തതിൽ പോലീസും വിഷമവൃത്തത്തിലാണ്.

LatestDaily

Read Previous

മർച്ചന്റ്സ് യൂത്ത് വിംഗിൽ നിന്ന് മൂന്നുപേരെ സസ്പെന്റ് ചെയ്തു

Read Next

സുധാകരന്റെ വെട്ടിനിരത്തൽ മുതിർന്ന നേതാക്കളിലേക്ക്