സുധാകരനെ പുറത്ത് ചാടിക്കാൻ നീക്കം

കാഞ്ഞങ്ങാട് : കെപിസിസി പ്രസിഡണ്ട് കെ. സുധാകരനെതിരെ കോൺഗ്രസിൽ അടിയൊഴുക്കുകൾ ശക്തമായി. സുധാകരന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയാണ് പാർട്ടിയിൽ പ്രതിഷേധം ശക്തമായത്. കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടായത് മുതൽ കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതായെന്നാണ് ആരോപണം.

കെ.വി. തോമസിനെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത് കെ. സുധാകരന്റെ തന്നിഷ്ട പ്രകാരമാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്. കെ.വി. തോമസിന്റെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലെ പ്രസംഗം ദേശീയ ശ്രദ്ധയാകർഷിക്കുന്ന തരത്തിലെത്തിച്ചത് സുധാകരന്റെ പിടിവാശി മൂലമാണെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ പൂർത്തിയാക്കുന്നതിൽ കെപിസിസി പ്രസിഡണ്ടെന്ന നിലയിൽ കെ. സുധാകരൻ തികഞ്ഞ പരാജയമാണെന്നാണ് കോൺഗ്രസിലെ അടക്കം പറച്ചിൽ. 50 ലക്ഷം അംഗങ്ങളെ ചേർക്കാൻ ലക്ഷ്യമിട്ടാരംഭിച്ച അംഗത്വ ക്യാമ്പയിൻ ലക്ഷ്യസ്ഥാനത്തിന്റെ നാലയലത്ത് പോലുമെത്തിക്കാൻ കഴിയാത്തത് സംഘടനാപരമായ വീഴ്ചയാണെന്നാണ് വിമർശനം. കെ. സുധാകരനെ ഭയന്ന് പലരും ഇക്കാര്യം  തുറന്ന് പറയാൻ മടിക്കുകയാണ്.

കോൺഗ്രസിനെ അച്ചടക്കമുള്ള പാർട്ടിയാക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്താണ് കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടിന്റെ അധികാരമേറ്റെടുത്തത്. പ്രാരംഭ ഘട്ടത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് കർശനമായ അച്ചടക്ക നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും, കോൺഗ്രസ് വീണ്ടും പഴയ നിലയിലായി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവരെ മൂലയ്ക്കൊതുക്കുന്നതിൽ കെ. സുധാകരൻ വിജയിച്ചെങ്കിലും, കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്.

കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുൾപ്പെട്ട രാഷ്ട്രീയ അച്ചുതണ്ടിന് മുകളിൽ കെ.സി. വേണുഗോപാൽ പുതിയ മേധാവിത്വം ഉറപ്പിച്ചതോടെ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തന്നെ മാറിയിട്ടുണ്ട്. ഏ ഗ്രൂപ്പിന് നേതൃത്വം നൽകിയിരുന്ന ഉമ്മൻചാണ്ടി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ പഴയ ആവേശമൊന്നും കാണിക്കുന്നുമില്ല. ഐ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന രമേശ് ചെന്നിത്തലയുടെ അവസ്ഥയും ഇതു തന്നെയാണ്. വിവിധ വിഷയങ്ങളിൽ വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും പരസ്പര വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് നിയന്ത്രിക്കാൻ കെ. സുധാകരന് കഴിഞ്ഞിട്ടില്ല.

കെ.വി. തോമസ് വിഷയത്തിലും കെ. സുധാകരൻ പരാജയത്തിന്റെ കയ്പ് അനുഭവിക്കേണ്ടി വന്നു. കെപിസിസി പ്രസിഡണ്ട് പദവിയിലിരുന്ന മുൻഗാമികളെ താരതമ്യം ചെയ്യുമ്പോൾ, കെ. സുധാകരൻ പരാജയമാണെന്നാണ് വിലയിരുത്തൽ. അംഗത്വ ക്യാമ്പയിൻ പൂർത്തീകരിക്കാൻ പറ്റാത്ത സാഹചര്യത്തെ മുൻനിർത്തിയാണ് ഇൗ ആരോപണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്തരിച്ച എംഎൽഏ, പി.ടി. തോമസിന്റെ ഭാര്യയെ കെ. സുധാകരനും പ്രതിപക്ഷ നേതാവും സന്ദർശിച്ചതിനെതിരെയും പാർട്ടിക്കുള്ളിൽ വിവാദമുയർന്നിട്ടുണ്ട്.

തൃക്കാക്കര സീറ്റ് പി.ടി. തോമസിന്റെ ഭാര്യയ്ക്ക് നൽകാൻ കെ. സുധാകരൻ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിന്റെ അനൗചിതത്വവും എറണാകുളത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യവും, അംഗത്വ ക്യാമ്പയിൻ പരാജയപ്പെട്ട സാഹചര്യവും മുൻ നിർത്തി കോൺഗ്രസിൽ കെ. സുധാകരനെതിരെ രഹസ്യമായ പടയൊരുക്കങ്ങൾ നടക്കുന്നുണ്ട്. ഇതിന് രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും രഹസ്യ പിന്തുണയുമുണ്ട്.  കെപിസിസി പ്രസിഡണ്ട് സ്ഥാനം കെ. സുധാകരൻ നേടിയെടുത്തത് സമ്മർദ്ദതന്ത്രം മൂലമാണ്. സ്ഥാനമൊഴിയേണ്ടി വന്നാൽ അദ്ദേഹം ബിജെപിയിലേക്ക് കളം മാറാനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്

LatestDaily

Read Previous

റെയിൽവെ ഒളിച്ച് കളി തുടരുന്നു

Read Next

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 6 വർഷം തടവും പിഴയും