ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിന് ഹൈക്കമാന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള സാഹചര്യം സൃഷ്ടിച്ചത് കെ. സുധാകരന്റെ പിടിവാശിയെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടത്തിയ സെമിനാറുകളിലേക്ക് കോൺഗ്രസ് നേതാക്കളെ ക്ഷണിച്ച വിഷയത്തെ പർവ്വതീകരിച്ച് ആനക്കാര്യമാക്കിയതിന് പിന്നിൽ കെ. സുധാകരന്റെ ദുർവ്വാശിയാണെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്.
വ്യത്യസ്ത ആദർശങ്ങൾ പുലർത്തുന്ന പാർട്ടികളുമായി വേദി പങ്കിടുന്നതിൽ രാഷ്ട്രീയമായി അസ്വാഭാവികതയൊന്നുമില്ലെങ്കിലും, കെ. സുധാകരൻ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറുകളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച കോൺഗ്രസ് നേതാക്കളെ കെ. സുധാകരൻ തടസ്സപ്പെടുത്താതിരുന്നുവെങ്കിൽ വിഷയം ഇത്രമേൽ സങ്കീർണ്ണമാവില്ലായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
സിപിഎം വേദിയിൽ കോൺഗ്രസ് നിലപാടുകൾ അവതരിപ്പിക്കാനനുവദിക്കുന്നതിന് പകരം നേതാക്കളെ പരിപാടിയിൽ നിന്നും വിലക്കിയത് ബുദ്ധി ശൂന്യതയാണെന്നും, കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്. കെ. സുധാകരന്റെ വെല്ലുവിളികളെ പുല്ലുപോലെ വലിച്ചെറിഞ്ഞാണ് കെ.വി. തോമസ്, സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് പ്രസംഗിച്ചത്.
കോൺഗ്രസിനുള്ളിൽ ഒറ്റപ്പെട്ട നിലയിൽ അവഗണിക്കപ്പെട്ട് കിടന്ന കെ.വി. തോമസിന് മികച്ച രാഷ്ട്രീയ മൈലേജാണ് പരിപാടി വഴി ലഭിച്ചത്. കോൺഗ്രസിൽ നിന്നും പുറത്താക്കുന്നുവെങ്കിൽ പുറത്താക്കട്ടെ എന്ന ഉറച്ച നിലപാട് പ്രഖ്യാപനമായാണ് കെ.വി. തോമസിന്റെ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. കെ.വി. തോമസ് സിപിഎം സെമിനാറിൽ പങ്കെടുത്താൽ അടുത്ത നിമിഷം പാർട്ടിയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച കെ. സുധാകരൻ ഇപ്പോൾ അയഞ്ഞ മട്ടാണ്.
തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ അത് സിപിഎമ്മിന് നേട്ടമാകും. പുറത്താക്കാതിരുന്നാൽ അത് നാണക്കേടുമാകും. രണ്ടിനുമിടയിൽപ്പെട്ട് രാഷ്ട്രീയ ധർമ്മ സങ്കടത്തിലാണ് കെ. സുധാകരനിപ്പോൾ. കെ.വി. തോമസ് വിഷയത്തിൽ കെ. സുധാകരന് കോൺഗ്രസ് നേതാക്കളിൽ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിലെ സിംഹമായി വ്യാഖ്യാനിക്കപ്പെടുന്ന കെ. സുധാകരൻ വെറും പൂച്ചയാണെന്നാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് ഏ.ഏ. റഹീം കഴിഞ്ഞ ദിവസം പരിഹസിച്ചത്.
കെ. സുധാകരൻ കെ.വി. തോമസിനെ ഒരു ചുക്കും ചെയ്യില്ലെന്നും ഏ.ഏ. റഹീം പ്രസ്താവിച്ചു. സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ കെ. സുധാകരൻ കോൺഗ്രസ് അച്ചടക്ക സമിതിക്ക് പരാതി നൽകിയിരുന്നു. ഏ.കെ. ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന അച്ചടക്ക സമിതി കെ.വി. തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് അച്ചടക്ക സമിതി ആവശ്യപ്പെട്ടത്.
കെ.വി. തോമസിന്റെ ഭാവി എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന്് പുറത്താക്കുന്നതിൽ കുറഞ്ഞ് മറ്റൊരു തീരുമാനവും കെ. സുധാകരന് സ്വീകാര്യമാകുമെന്ന് തോന്നുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടായി സ്ഥാനമേറ്റതിന് ശേഷം കേരളത്തിൽ കോൺഗ്രസിന് സംഘടനാപരമായി കോട്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. കെ. സുധാകരൻ സ്ഥാനമേറ്റെടുത്തതിന് ശേഷം നിരവധി മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ട് വിവിധ രാഷ്ട്രീയ പാർട്ടികളിൽ ചേർന്നിട്ടുമുണ്ട്.
കെ. സുധാകരൻ സൃഷ്ടിച്ച പ്രതിസന്ധിയിൽ ഹൈക്കമാന്റും മൗനത്തിലാണ്. സിപിഎമ്മിനോടുള്ള അന്ധമായ വിരോധമാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് സുധാകര വിരുദ്ധർ ആരോപിക്കുന്നു. രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ സിപിഎം വേദികളിൽ പ്രസംഗിച്ചതിന്റെ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.