സിപിഎം പാർട്ടി കോൺഗ്രസിൽ താരമായി പിണറായി; കേരളത്തിന് നേട്ടം

കാഞ്ഞങ്ങാട് : സിപിഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വിജയകരമായി സമാപിച്ചപ്പോൾ താരമായത് മുഖ്യമന്ത്രി പിണറായി വിജയനും, നേട്ടം കൊയ്തത് പാർട്ടി കേരള ഘടകവും. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ നേതൃനിരയിൽ പ്രഥമ സാന്നിധ്യമായി പിണറായി വിജയനെ അവരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞുവെന്നതാണ് കേരളത്തിന്റെ എടുത്ത് പറയത്തക്ക നേട്ടം. കേരളത്തിലെ പാർട്ടി ഘടകവും ഭരണവുമാണ് ദേശീയ ബദലെന്ന് സ്ഥാപിക്കാനും കേരളത്തിന് കഴിഞ്ഞു.

ബിജെപി വിരുദ്ധ ചേരിയിലെ ശക്തനായ മുഖ്യമന്ത്രിയും പോരാളിയുമായി പിണറായി വിജയനെ അവതരിപ്പിച്ചും അവരോധിച്ചുമാണ് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ കൊടിയിറങ്ങിയത്. ഓപ്പറേഷൻ താമരയിൽ വീഴാത്ത സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും, ബിജെപിയുടെ വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മുന്നേറ്റമുണ്ടാക്കാൻ കൂട്ടായ്മ ഒരുക്കുന്ന നീക്കത്തിന് പിന്നിലും കേരള ഘടകത്തിന്റെ ബുദ്ധി കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്.

ഫെഡറലിസവും ജനാധിപത്യവും മതേതരത്വവും പുലരണമെന്നാഗ്രഹിക്കുന്ന ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ നേതൃത്വനിരയിൽ പിണറായി വിജയൻ അവരോധിക്കപ്പെട്ടതും സംസ്ഥാനത്തെ തുടർ ഭരണം മാതൃകയായി അംഗീകരിച്ചും അഭിനന്ദിച്ചും പാർട്ടി കോൺഗ്രസിൽ  പ്രമേയമുണ്ടായതും ശ്രദ്ധേയമാണ്. പിണറായി വിജയന്റെ അഭിമാന പദ്ധതിയും കേരളത്തിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ എതിർപ്പിനെ നേരിടുന്ന പദ്ധതിയുമായ കെ. റെയിൽ പദ്ധതിക്കെതിരെ പാർട്ടി കോൺഗ്രസിൽ എതിർപ്പില്ലാതിരുന്നതും പിണറായി വിജയന് പാർട്ടി കോൺഗ്രസിലുണ്ടായ മേൽക്കൈ തെളിയിക്കുന്നതാണ്.

ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്ന നീക്കങ്ങൾക്കെതിരെ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായിവിജയനും, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ഇത്തരമൊരു പോരാട്ടത്തിന് നേതൃത്വം നൽകണമെന്നുമാണ് പി.ബി. അംഗമായ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ദേശീയതലത്തിൽ പിണറായി വിജയനെ ഉയർത്തിക്കാട്ടുന്ന നീക്കമാണിത്. സിപിഎമ്മിന്റെ പ്രധാന ശത്രുവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതബാനർജി നേതൃത്വം നൽകുന്ന ബിജെപി ഇതര പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ മുന്നേറ്റത്തിന് ബദലായാണ് സ്റ്റാലിൻ-പിണറായി കൂട്ടുകെട്ടിനെ അവതരിപ്പിക്കുന്നത്.

LatestDaily

Read Previous

ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

Read Next

നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററിയും ടയറും മോഷ്ടിച്ച സംഘം അറസ്റ്റിൽ