കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ കാണാനില്ല

കാഞ്ഞങ്ങാട് : ഗൾഫിൽ നിന്ന് തിരിച്ചെത്തി കരിപ്പൂർ വിമാനമിറങ്ങിയ യുവാവിനെ കാണാതായി. വെള്ളരിക്കുണ്ട് സ്വദേശിയും  കാഞ്ഞങ്ങാട് ഐങ്ങോത്ത് മൂവാരിക്കുണ്ടിൽ താമസക്കാരനുമായ നാസർ പുഴക്കരയെയാണ് 40, ഏപ്രിൽ 3-ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കാണാതായത്.

ഏപ്രിൽ 3-ന് രാത്രിയാണ് നാസർ കോഴിക്കോട്ട് വിമാനമിറങ്ങിയത്. കോഴിക്കോട്ടെത്തിയതിന് പിന്നാലെ ഇദ്ദേഹം ഗൾഫിലുള്ള സഹോദരി നസീമയെ ഫോണിൽ വിളിച്ചിരുന്നു. ഇതിന് പിന്നാലെ നസീറിന്റെ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കാഞ്ഞങ്ങാട്ടെ വസ്ത്രാലയ  ജീവനക്കാരനായിരുന്ന നാസർ പുഴക്കര കാഞ്ഞങ്ങാട് ടൗണിൽ പലർക്കും സുപരിചിതനാണ്.

ഇദ്ദേഹത്തിന്റെ മാതാവ് നബീസ, സഹോദരി നസീമ, സഹോദരീ ഭർത്താവ് മജീദ് എന്നിവർ വിദേശത്താണ്. അവരെല്ലാം ചേർന്നാണ് നാസറിനെ നാട്ടിലേക്ക് യാത്രയയച്ചത്. കോഴിക്കോട്ട് വിമാനമിറങ്ങിയ നാസറിനെ കാണാതായതിനെത്തുടർന്ന് മാതാവ് നബീസ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കടക്കം പരാതി നൽകിയിട്ടുണ്ട്.

മൂവാരിക്കുണ്ടിലെ കൗലത്താണ് നാസർ പുഴക്കരയുടെ ഭാര്യ. വിവാഹ ബന്ധത്തിൽ മക്കളുമുണ്ട്. ഇദ്ദേഹത്തെ ഭാര്യാ സഹോദരന്മാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സൂചനയുണ്ട്. ഇവരെ ഭയന്ന് നാസർ അജ്ഞാത കേന്ദ്രത്തിൽ ഒളിവിൽ  കഴിയുകയാണോ  അതോ ഭാര്യസഹോദരന്മാർ അപായപ്പെടുത്തിയതാണോയെന്നും, നാസറിന്റെ ബന്ധുക്കൾ ഭയപ്പെടുന്നു.

വിമാനമിറങ്ങിയതിന് പിന്നാലെ നാസർ അപ്രത്യക്ഷനായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. നാസറിനെ കണ്ടെത്താനായുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാതാവ് മുഖ്യമന്ത്രിക്കും ഉന്നതാധികാരികൾക്കും പരാതി കൊടുത്തത്.

LatestDaily

Read Previous

സുധാകരൻ ഒറ്റപ്പെട്ടു

Read Next

ജീവകാരുണ്യ പ്രവർത്തകരെ മർദ്ദിച്ചതിന് 7 പേർക്കെതിരെ കേസ്