വിശാല മതനിരപേക്ഷ സഖ്യത്തിന് കടമ്പകളേറെ

കാഞ്ഞങ്ങാട് :ബിജെപിക്കെതിരെ വിശാലമായ മതനിരപേക്ഷ സഖ്യം വേണമെന്ന സിപിഎം  അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആഹ്വാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെയാണ്. കോൺഗ്രസിനെ ബിജെപി വാലറ്റം മുതൽ  വിഴുങ്ങുകയും യുപിഏയിലെ ഘടക കക്ഷികൾ ദുർബലമായിത്തീരുകയും ചെയ്ത സാഹചര്യത്തിൽ വിശാല മതനിരപേക്ഷ സഖ്യത്തെ ആരുനയിക്കുമെന്നാണ് പ്രധാന ചോദ്യം.

സമ്മിശ്ര സമ്പദ്ഘടനയിൽ നിന്ന് രാജ്യം സ്വകാര്യ സമ്പദ്ഘടനയിലേക്ക് കളം മാറ്റി ചവിട്ടാനൊരുങ്ങുന്ന സാഹചര്യത്തിൽ സ്വകാര്യവത്കരണത്തിന്റെ അപകടങ്ങളെ തടയാനുള്ള മറുമരുന്നാണ് വിശാല മതനിരപേക്ഷസഖ്യത്തിന്റെ തിരിച്ചുവരവ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെങ്കിലും വിശാല മതനിരപേക്ഷസഖ്യം ഭരണം പിടിച്ചെടുത്തില്ലെങ്കിൽ ഇന്ത്യയുടെ അവസ്ഥ ഭീകരമായിരിക്കുമെന്ന് സിപിഎം കരുതുന്നു. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറി സ്വകാര്യസമ്പദ്ഘടന സൃഷ്ടിക്കാനൊരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ നടപടി ഇന്ത്യയിൽ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് സിപിഎം കരുതുന്നത്.

പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം വഴി തൊഴിലവസരങ്ങൾ ഇല്ലാതാകുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാർ പരിഹാര മാർഗ്ഗങ്ങളൊന്നും നിർദ്ദേശിക്കാത്തത് വഴി ഇന്ത്യപട്ടിണിയിലേക്ക് നീങ്ങാനും  സാധ്യതയുണ്ട്. വിശാല മത നിരപേക്ഷ സഖ്യത്തിന്റെ നേതൃത്വ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരുമെന്ന  ചോദ്യത്തിന്റെ ഉത്തരം ഇനിയും വ്യക്തമായിട്ടില്ല. ദേശീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ്സാണ് വിശാല മതനിരപേക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് എത്തേണ്ടതെങ്കിലും, കോൺഗ്രസിലെ മൂപ്പിളമതർക്കങ്ങൾ വിശാല സഖ്യത്തിന് കടമ്പയാണ്.

കോൺഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കൾ കലാപമഴിച്ചുവിട്ട സാഹചര്യമാണ് നിലവിലുള്ളത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് രാഷ്ട്രീയമായി തകർന്ന  നിലയിലുമാണ്. കോൺഗ്രസിന് ഇനിയും ഉയർത്തെഴുന്നേൽപ്പുണ്ടാകുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുയർത്തുന്ന സംശയം.

വിശാല മത നിരപേക്ഷ സഖ്യത്തിന് ആഹ്വാനം ചെയ്ത സിപിഎമ്മിന്റെ സ്ഥിതി ഇന്ത്യയിൽ വളരെ ദുർബ്ബലമാണ്. രാജ്യത്ത് കേരളത്തിൽ മാത്രം ഭരണമുളള കക്ഷിയെന്ന നിലയിൽ സിപിഎമ്മിന് വിശാല മതേതര സഖ്യത്തിൽ എത്രമാത്രം സ്ഥാനമുണ്ടാകുമെന്നതും പ്രസക്തമാണ്. രാജ്യത്ത് കോൺഗ്രസ് കെട്ടുറപ്പോടെ പ്രവർത്തിക്കുന്ന നിലവിലെ ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസ്സും കീരിയും പാമ്പും പോലെയുമാണ്.

പാർട്ടി കോൺഗ്രസിൽ കെ.വി.തോമസും, മുൻ കേന്ദ്ര മന്ത്രി ശശിതരൂരും പങ്കെടുക്കുന്നതിനെതിരെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം രംഗത്തുണ്ട്. ഇതിന് കോൺഗ്രസ് ഹൈക്കമാന്റിന്റെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തിൽ  സിപിഎം ഉൾക്കൊള്ളുന്ന വിശാല മതേതര സഖ്യത്തിന് കോൺഗ്രസ് പച്ചക്കൊടി കാണിക്കുമെന്ന് കരുതാൻ വയ്യെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

സിപിഎം ഉൾപ്പെട്ട വിശാല മതേതര സഖ്യത്തിന് കോൺഗ്രസ് കേരളഘടകത്തിന്റെ പിന്തുണയുണ്ടാക്കാൻ സാധ്യതയില്ല. ബിജെപി ഭരണത്തിൽ വന്നാലും സിപിഎമ്മുമായി കൂട്ടുകൂടില്ലെന്ന് കേരളത്തിലെ കോൺഗ്രസ് തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബിജെപിക്കെതിരായ രാഷ്ട്രീയ സഖ്യത്തിൽ കോൺഗ്രസിനെ  ഉൾപ്പെടുത്താനാകില്ലെന്നാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ വിശാല മതേതരസഖ്യം യാഥാർത്ഥ്യമാകുന്നതെങ്ങനെയെന്ന് ചോദ്യമുയരുന്നുണ്ട്.

LatestDaily

Read Previous

റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ യുവാവ് അടിച്ചുതകർത്തു

Read Next

തോമസ് വ്യത്യസ്തനായ കള്ളൻ