റോഡരികിൽ മാലിന്യ നിക്ഷേപ കേന്ദ്രം

കാഞ്ഞങ്ങാട് : കോട്ടച്ചേരി ബസ് സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനെത്തുടർന്ന് കാൽ നടയാത്ര ദുസ്സഹമായി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ദീപ്തി സിനിമാ ശാലയ്ക്ക് പിറകുവശത്തെ റോഡരികിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം കൂട്ടിയിട്ട് കത്തിക്കുന്നത്.

കോട്ടച്ചേരി ബസ് സ്റ്റാന്റിൽ നിന്ന് എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലെത്താവുന്ന വഴിയുടെ അരികിലാണ് സമീപത്തെ കടകളിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിനാളുകൾ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെയുണ്ടാകുന്ന വിഷപ്പുക ശ്വസിച്ച് വേണം കാൽനടയാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലെത്താൻ

നഗരഹൃദയത്തിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിനെതിരെ നഗരസഭ നടപടിയൊന്നുമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കച്ചവടക്കാർക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായി റോഡും പരിസരവും മാറിക്കഴിഞ്ഞിട്ട് നാളേറെയായി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നത് ശിക്ഷാർഹമാണെന്ന് പറയുന്ന നഗരസഭാധികൃതർ നഗര ഹൃദയത്തിൽ നടക്കുന്ന നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

സമീപ പ്രദേശത്തെ കടകളിലെ ദൈനംദിന മാലിന്യങ്ങളും കാലപ്പഴക്കം ചെന്ന ഭക്ഷണ വസ്തുക്കളുമടക്കം റോഡരികിൽ കൂട്ടിയിട്ടാണ് കത്തിക്കുന്നത്. നഗരസഭാ കാര്യാലയത്തിന്റെ വിളിപ്പാടകലെ നടക്കുന്ന നിയമ ലംഘനത്തിനെതിരെ നഗരസഭാ ആരോഗ്യവിഭാഗം ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.

LatestDaily

Read Previous

സമാന കക്ഷികളുമായി ലയിക്കാൻ എൽജെഡി

Read Next

ശീതള പാനീയത്തിൽ ലഹരി മരുന്ന് കലർത്തി പീഡനം