പാർട്ടി കോൺഗ്രസിന് കണ്ണൂർ ഒരുങ്ങി

കണ്ണൂർ :  പോലീസ് മൈതാനി ഇന്നലെ എല്ലാം കൊണ്ടും നിറഞ്ഞുകവിഞ്ഞു. ഒരു ഭാഗത്ത് മൺമറഞ്ഞ പാർട്ടി സിക്രട്ടറി ചടയൻ ഗോവിന്ദൻ നഗറിൽ 27-ാം പാർട്ടി കോൺഗ്രസിന്റെ ഉൾത്തുടിപ്പുകൾ വിളിച്ചോതി സെമിനാറുകളും പ്രദർശനങ്ങളുമായിരുന്നു. മറുഭാഗത്ത് കണ്ണൂരിന്റെ കരവിരുതുകൾ മൊത്തം വിളിച്ചോതുന്ന ശീതീകരിച്ച മെഗാ പ്രദർശന നഗരിയിലേക്ക് കണ്ണൂർ ജനത ഒഴുകിയെത്തി. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിട്ട് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി  നിർവ്വഹിച്ചു.

പിന്നീട് മെഗാ പ്രദർശനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പോലീസ് മൈതാനിയിലേക്ക് കടക്കുന്ന ജനങ്ങളെ സ്വാഗതം ചെയ്തത് 500 മീറ്റർ നീളത്തിലുണ്ടാക്കിയ വലിയ കെ. റെ.യിൽ ട്രെയിനാണ്. ഇൗ ട്രെയിൻ കമ്പാർട്ട്മെന്റിൽ കയറിവേണം അകത്തുനടക്കുന്ന വിവിധ പ്രദർശനമേളകൾ കാണാൻ. കണ്ണൂരിന്റെ കൈത്തറി തൊട്ട്, ആരോഗ്യ മേഖലവരെയും, പരമ്പരാഗത കലാരൂപങ്ങൾ വരെയുമുള്ള പ്രദർശനവും വിൽപ്പനയും കാണാൻ ജനങ്ങൾ തള്ളിക്കയറി.

ഏപ്രിൽ 14 വരെ നീണ്ടുനിൽക്കുന്ന കലാസന്ധ്യകളിൽ ഇന്നലെ പ്രശസ്ത ഗായകൻ മിഥുൻജയരാജും, ഗായിക കീർത്തനയും മറ്റും  പാടിയപ്പോൾ കണ്ണൂർ ജനത രാവേറുംവരെ കലാപരിപാടികൾ ആസ്വാദിച്ചിരുന്നു. ഏപ്രിൽ 6-ന് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പാർട്ടി പ്രവർത്തകരും കുടുംബങ്ങളും കണ്ണൂർ നഗരത്തിലേക്ക് ഒഴുകിയെത്തിയ കാഴ്ചയാണ് ഇന്നലെ കാണാൻ സാധിച്ചത്.

കേരളത്തിൽ ആദ്യമായാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.  കണ്ണൂർ ജില്ലയൊട്ടുക്കും വലിയ ആവേശമാണ് നിറഞ്ഞു തുളുമ്പുന്നത്. നഗരത്തിലെ ഹോട്ടലുകൾക്ക് മുന്നിൽ ജനങ്ങളുടെ നീണ്ട ക്യൂ കാണപ്പെട്ടു.

LatestDaily

Read Previous

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Read Next

വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം