പിലിക്കോട് വീണ്ടും വാഹനാപകടം : 19കാരൻ മരിച്ചു

ചെറുവത്തൂർ : പിലിക്കോട് തോട്ടം ഗെയ്റ്റിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ 19കാരൻ മരിച്ചു. ഇന്ന് രാവിലെ തോട്ടം ഗെയ്റ്റിന് സമീപം ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഉപ്പള സ്വദേശിയാണ് എതിരെ വന്ന പിക്കപ്പ് ലോറി ദേഹത്ത് കയറി മരിച്ചത്. ഉപ്പള ബന്തിയോട് പച്ചമ്പളയിലെ ബി.ഏ. മുഹമ്മദിന്റെ മകനായ കാമിൽ മുബഷീറാണ് ഇന്ന് രാവിലെ തോട്ടം ഗെയ്റ്റിനടുത്തുണ്ടായ വാഹനാപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.

മുബഷീറിനൊപ്പമുണ്ടായിരുന്ന കയ്യാറിലെ അബ്ദുള്ളക്കുഞ്ഞിയുടെ മകൻ അബ്ദുൾ റഹ്മാൻ അഫ്സറിനും 25, പരിക്കേറ്റു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാമിൽ മുബഷീറിനെ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാതയിൽ പിലിക്കോട് മട്ടലായിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചതിന്റെ ചോരക്കറ മായും മുമ്പേയാണ് തോട്ടം ഗെയ്റ്റിന് സമീപം വീണ്ടും റോഡിൽ ചോര പുരണ്ടത്. ഏപ്രിൽ 1-ന് സന്ധ്യയ്ക്കാണ് പിലിക്കോട് മട്ടലായിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. കാടങ്കോട് കൊട്ടാരം വാതുക്കലെ രാജേഷ്-പ്രീത ദമ്പതികളുടെ മകൻ വി.വി. അഖിലാണ് 25, മട്ടലായിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റിയതിനെത്തുടർന്ന് അഖിലിന്റെ വാഹനം റോഡരികിലെ ആൽമരത്തിനിടയിൽ കുരുങ്ങുകയായിരുന്നു.

ഉപ്പള സ്വദേശിയായ കാമിൽ മുബഷീറും സുഹൃത്ത് അബ്ദുൾ റഹ്മാൻ അഫ്്സറും മലപ്പുറത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 23 എം 420 നമ്പർ ബൈക്കാണ് പിലിക്കോട് തോട്ടം ഗെയറ്റിന് സമീപം ഓട്ടോയിൽ തട്ടി റോഡിൽ മറിഞ്ഞത്. വാഹനം വാങ്ങാനായി ഇവർ രണ്ട് ദിവസം മുമ്പാണ് മലപ്പുറത്തേക്ക് പോയത്. അപകടമുണ്ടാക്കിയ കെ.എൽ. 14 പി. 6066 റജിസ്ട്രേഷൻ നമ്പർ പിക്കപ്പ് ലോറി ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്തൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മീൻ ലോറിയാണ് അപകടമുണ്ടാക്കിയത്.

LatestDaily

Read Previous

കണ്ണൂർ ചുവന്നു തുടുത്തു, പുത്തനുണർവ്വ്

Read Next

പ്രണയ നൈരാശ്യം : ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തിയ യുവാവ് മരിച്ചു