വായ്പ്പ വാങ്ങാത്ത ആൾക്ക് ജപ്്തി നോട്ടീസ്

കാഞ്ഞങ്ങാട്:  കെ. എസ്. എഫ്. ഇ ചിട്ടിക്ക് ജാമ്യം നിന്ന പുല്ലൂർ സ്വദേശിക്ക് 66 ലക്ഷത്തിന്റെ റവന്യൂറിക്കവറി നോട്ടീസ്. കെ. എസ്. എഫ്. ഇ നീലേശ്വരം ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വായ്പാ തട്ടിപ്പിനിരയായ ജാമ്യക്കാരനാണ് 66,18,433 രൂപയുടെ റവന്യൂറിക്കവറി നോട്ടീസ് കിട്ടിയത്. പുല്ലൂർ ഹരിപുരത്തെ അലാമിയുടെ മകൻ വി. വി. കൃഷ്ണൻ 69, മടിക്കൈ കീത്തോൽ ഹൗസിൽ കെ. വി. ഉണ്ണികൃഷ്ണൻ എന്ന പ്രവാസിയുടെ ചിട്ടിക്ക് ജാമ്യം നിന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വി. വി. കൃഷ്ണന്റെ മകനും  പ്രവാസിയുമായ പ്രസാദുമായുള്ള മുൻ പരിചയം മുതലെടുത്താണ് ഉണ്ണികൃഷ്ണൻ ഹരിപുരത്തെ കൃഷ്ണനെ സമീപിച്ചത്.

കൃഷ്ണന്റെ പേരിൽ പുല്ലൂർ വില്ലേജിലുള്ള 50 സെന്റ്  സ്ഥലത്തിന്റെ  ആധാരവും കെ. എസ്. എഫ്. ഇ. നീലേശ്വരം ശാഖയിൽ സമർപ്പിച്ചിരുന്നു. ആധാരം ഉടൻ തിരിച്ചു നൽകാകമെന്ന് വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണൻ, ഇന്നലെ കൃഷ്ണനെ ചതിച്ചത്. 66 ലക്ഷത്തിന്റെ റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചതോടെയാണ് കൃഷ്ണൻ ചതിക്കപ്പെട്ട വിവരമറിഞ്ഞത്. ഇതിനിടയിൽ കൃഷ്ണന്റെ ആധാരമുപയോഗിച്ച് 7 വായ്പകൾ തട്ടിപ്പിലൂടെ സംഘം  നേടിയെടുത്തിട്ടുമുണ്ട്.

കൃഷ്ണന്റെ ഉടമസ്ഥതയിൽ പുല്ലൂർ വില്ലേജിൽ റി.സ:428/1ഏ രണ്ട് നമ്പരിലുള്ള ആധാരമുപയോഗിച്ച് അദ്ദേഹത്തിന്റെ പേരിലും വായ്പയെടുത്തു. കെ. എസ്. എഫ്. ഇ നീലേശ്വരം ശാഖാ മാനേജർ ബാബുരാജിന്റെ ഒത്താശയിലാണ് തട്ടിപ്പ് മുഴുവനും നടന്നത്.  തട്ടിപ്പ് പുറത്തായതോടെ കൃഷ്ണന്റെ മകൻ പ്രസാദ് കെ. എസ്. എഫ്. ഇ റീജണൽ ഓഫീസിൽ നൽകിയ പരാതിയെത്തുടർന്ന് കെ. എസ്. എഫ്. ഇ നീലേശ്വരം ശാഖാമാനേജറായ ബാബുരാജ്  ഇപ്പോൾ സസ്പെൻഷനിലാണ്.

കൃഷ്ണന്റെ കള്ള ഒപ്പിട്ടാണ് കെ. എസ്. എഫ്. ഇ നീലേശ്വരം ശാഖയിൽ നിന്ന് വിവിധ വായ്പകൾ  സംഘടിപ്പിച്ചത്. ഇതിന് ഹൊസ്ദുർഗ്ഗ് ബാറിലെ ഒരു അഭിഭാഷകനും കൂട്ടുനിന്നു. 2013 -ലാണ്  തട്ടിപ്പുകളുടെ തുടക്കം. കൃഷ്ണനെ ജാമ്യം നിർത്തി വിവിധ പേരുകളിൽ ലക്ഷങ്ങൾ തട്ടിയെടുത്ത മടിക്കൈ കീത്തോലിലെ കെ.യു.ഉണ്ണികൃഷ്ണൻ ഗൾഫിലേക്ക് മുങ്ങിയിരിക്കുകയാണ്.

എടുക്കാത്ത വായ്പയ്ക്ക് റവന്യൂ നോട്ടീസ് കിട്ടിയതിന്റെ അമ്പരപ്പിൽ നിന്ന് ഹരിപുരം  സ്വദേശിയായ കൃഷ്ണൻ ഇനിയും മോചിതനായിട്ടില്ല. പേരൂർ സദ്ഗുരു സ്ക്കൂളിന് സമീപത്തെ അരയേക്കർ ഭൂമിയുടെ ആധാരമാണ് ഉണ്ണികൃഷ്ണനെ വിശ്വസിച്ച് കൃഷ്ണൻ കെ. എസ്. എഫ്. ഇയിൽ ഈടായി നൽകിയത്.

LatestDaily

Read Previous

വനം തൊഴിലാളികളിൽ ഭൂരിഭാഗവും 60 പിന്നിട്ടവർ

Read Next

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു