ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയെന്ന ന്യായവാദമുയർത്തി ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് തീ കത്തുന്ന വില. കാഞ്ഞങ്ങാട്ടാണ് ഹോട്ടൽ ഭക്ഷണ സാധനങ്ങൾക്ക് തല കറങ്ങുന്ന വില ഈടാക്കിവരുന്നത്. നീലേശ്വരം ബസാറിൽ പ്രവർത്തിക്കുന്ന സാമാന്യം തിരക്കുള്ള ഒരു ഹോട്ടലിൽ മുട്ടക്കറിക്ക് രൂപ 25 ഈടാക്കുമ്പോൾ, കാഞ്ഞങ്ങാട് നഗരത്തിൽ പ്രവർത്തിക്കുന്ന നാലോളം ഹോട്ടലുകളിൽ മുട്ടക്കറിക്ക് 30 രൂപയാണ് നിലവിൽ വില.
സ്പെഷ്യൽ ഒന്നും വാങ്ങാത്ത പ്ലെയിൻ ചോറും കറിക്കും നീലേശ്വരത്ത് 40 രൂപയാണ് വില. കാഞ്ഞങ്ങാട്ടെ ഹോട്ടലുകളിൽ പ്ലെയിൻ ചോറും കറിക്കും 60 രൂപയാണ്. കാഞ്ഞങ്ങാട്ടെ ഹോട്ടലുകളിൽ പൊറോട്ട ഒന്നിന് 12 രൂപ മുതൽ 15 രൂപ വരെ ഈടാക്കുമ്പോൾ, നീലേശ്വരത്ത് പൊറോട്ട ഒന്നിന് 10 രൂപയാണ്. കാഞ്ഞങ്ങാട്ട് ഒരു ഹോട്ടലിൽ ചായയ്ക്ക് 12 രൂപയാണ്. മറ്റു ചില ഹോട്ടലുകളിൽ മോശമല്ലാത്ത ചായയ്ക്ക് 10 രൂപയാണ്.
കാഞ്ഞങ്ങാട് നഗരത്തിൽ ഉച്ച- രാത്രി ഭക്ഷണങ്ങൾക്ക് ഹോട്ടലുകളെ ആശ്രയിക്കുന്നവർ പുറം നാട്ടുകാരും, മലയോര മേഖലയിൽ നിന്ന് രാവിലെ വിവിധ ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തിച്ചേരുന്നവരുമാണ്. ഇത്തരം ഉപഭോക്താക്കൾ ഭക്ഷണം കഴിച്ച് ബില്ലിലുള്ള പണം നൽകി മിണ്ടാതെ പോകുന്നതല്ലാതെ മുട്ടക്കറിക്കും, പൊറോട്ടയ്ക്കും വില ചോദിക്കുകയോ, വില പേശുകയോ ചെയ്യാറില്ല. കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിൽ വില എഴുതിവെക്കുന്ന കറുത്ത ബോർഡുകളുണ്ടെങ്കിലും, വില മാത്രം എഴുതാറില്ല.
കാഞ്ഞങ്ങാട്ട് മുട്ടക്കറിക്ക് 30 രൂപയാണ്. വിലക്കയറ്റത്തെക്കുറിച്ച് ഹോട്ടൽ ഉടമകളുടെ സംഘടന ഇടയ്ക്കിടെ ഒച്ചവെക്കുന്നതിനിടയിൽ കാസർകോട് ജില്ലയിൽ ഒരു മുട്ടയുടെ അംഗീകൃത വില ഇന്ന് ₨: 4.41 ആണ്. തൽസമയം കാഞ്ഞങ്ങാട്ടെ പച്ചക്കറി വിൽപ്പനക്കടകളിലും ചില കോഴി- സ്റ്റേഷനറിക്കടകളിലും ഒരു മുട്ടയുടെ ഇന്നത്തെ ചില്ലറ വിൽപ്പന വില 6-50 രൂപയാണ്. 2 രൂപ കൂടുതൽ. കാഞ്ഞങ്ങാട് സൗത്തിലുള്ള ഒരു ചെറുകിട കച്ചവടപ്പീടികയിൽ ഇന്ന് മുട്ട ഒന്നിന് 5 രൂപയാണ് വില.
രൂപ അഞ്ചിന് കടയിൽ നിന്ന് വാങ്ങുന്ന മുട്ട കറിവെച്ചു നൽകുമ്പോൾ ഹോട്ടലുകാർ ഈടാക്കുന്നത് 30 രൂപയാണ്. മുട്ടക്കറിക്ക് മുട്ടയടക്കം 15 രൂപ കൂട്ടിയാൽ തന്നെ ഒരു മുട്ടക്കറിയിൽ ഹോട്ടലുടമയുടെ ലാഭം 15 രൂപയാണ്. കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിൽ ഫാനിന്റെ കാറ്റിലിരുന്ന് ഭക്ഷിക്കുന്നവർക്ക് സാദാ ചോറിന് 60 രൂപ മുതൽ 65 രൂപ വരെ ഈടാക്കുമ്പോൾ, നഗരത്തിന് പുറത്തുള്ള ചെറുകിട ഹോട്ടലുകളിൽ ഊണിന് വെറും 40 രൂപയും ഐല മീൻ പൊരിച്ചതിന് 40 രൂപയുമാണ് ഈടാക്കുന്നത്.
തൽസമയം അതിഞ്ഞാൽ മുതൽ പുതിയ കോട്ടവരെയുള്ള ഹോട്ടലുകളിൽ പൊരിച്ച ഐലയ്ക്ക് 80 രൂപ ഈടാക്കുന്നു. മത്സ്യ മാർക്കറ്റിലും മത്സ്യ വിൽപ്പനക്കാരികളും ഒരു പച്ച ഐലക്ക് ഈടാക്കുന്ന കൂടിയ വില 10 മുതൽ 15 രൂപ വരെയാണ്.ഇത്തരം മത്സ്യം പൊരിച്ച് തീൻമേശയിലെത്തുമ്പോൾ, കാഞ്ഞങ്ങാട്ട് ഉപഭോക്താവ് നൽകേണ്ടിവരുന്ന അധിക തുക 60 രൂപയാണ്. പൊറോട്ടയ്ക്ക് നീലേശ്വരത്ത് ഹോട്ടലുകൾ 10 രൂപ ഈടാക്കുമ്പോൾ, കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലുകളിൽ 12 രൂപയാണ്.
15 രൂപ പൊറോട്ടയ്ക്ക് ഈടാക്കുന്ന ഒരു വൻകിട ഹോട്ടലും കാഞ്ഞങ്ങാട്ടുണ്ട്. പെട്രോൾ പമ്പുകളിൽ ഇന്ധനവില എഴുതി പ്രദർശിപ്പിക്കുന്നതുപോലെ ഹോട്ടലുകളിൽ വില നിലവാരം ഉപഭോക്താവ് കാണുംവിധത്തിൽ പ്രദർശിപ്പിച്ചിരിക്കണമെന്നത് സർക്കാർ നിർദ്ദേശമാണ്. ഹോട്ടൽ ഭക്ഷണ വില നിയന്ത്രിക്കേണ്ട ചുമതല സിവിൽ സപ്ലൈസ് വകുപ്പിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. കാഞ്ഞങ്ങാട്ട് ഹോട്ടൽ വില നിയന്ത്രിക്കാൻ കോവിഡിന് ശേഷം ഒരു ഉദ്യോഗസ്ഥനും ഇടപെട്ടതായി അറിവില്ല.