സംയുക്ത നികുതിക്കൊള്ള

പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ നിലവിൽ വന്ന നികുതി ക്രമം വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൊതുജനത്തെ കൊല്ലാക്കൊല ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. അടിസ്ഥാന ഭൂനികുതിയിൽ വരുത്തിയ വർധനവും, വെള്ളക്കരത്തിലെ വർധനവും വഴി സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിച്ചപ്പോൾ, അവശ്യ മരുന്നുകളുടെ മൊത്ത വില വർധിപ്പിക്കാൻ അനുമതി നൽകിയാണ് കേന്ദ്രസർക്കാർ പൊതുജനങ്ങളോട് പ്രതികാരം ചെയ്തത്.

അവശ്യ മരുന്നുകളുടെ പട്ടികയിലുൾപ്പെട്ട മരുന്നുകളുടെയും, മെഡിക്കൽ ഉപകരണങ്ങളുടെയും, വിലയിൽ പതിനൊന്ന് ശതമാനത്തോളം വർധനവാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംങ്ങ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയുൾപ്പെട്ട എണ്ണൂറ് മരുന്നുകളുടെ വില ഇതോടെ വർധിക്കുമെന്നുറപ്പായി. പനിയുടെ മരുന്നായ പാരസെറ്റമോൾ ഗുളികകൾക്ക് പോലും വില വർധിക്കുമെന്ന് സാരം.

പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള അത്യാഡംബര ആശുപത്രികളിൽ ചികിത്സ തേടാൻ പ്രാപ്തിയുള്ള അതി സമ്പന്നരെയല്ല പ്രത്യുത സാധാരണക്കാരെയാണ് വില വർധന ബാധിക്കുകയെന്നതിൽ തർക്കമില്ല. കോവിഡ് തകർത്ത് കളഞ്ഞ സമ്പദ്്വ്യവസ്ഥയ്ക്ക് കീഴിൽ തെണ്ടി കുത്തുപാളയെടുത്തിരിക്കുന്ന പ്രജകളുടെ മേലാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അധിക നികുതി ഭാരം കെട്ടി വെച്ചിരിക്കുന്നത്.

ഇന്ധന വില വർധനവിനെത്തുടർന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വിപണിയിൽ തീ വിലയായതിന് പിന്നാലെയാണ് അവശ്യമരുന്നുകളുടെ വില വർധിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ അഗ്നി പരീക്ഷ.സ്വന്തം ജനതയെ ഇഞ്ചിഞ്ചായി കൊല്ലാനൊരുങ്ങുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ റജിസ്ട്രേഷൻ നിരക്ക് നൂറ് മടങ്ങ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെയാണ് അവശ്യ മരുന്നുകളുടെ വില വർധിപ്പിച്ച നടപടിയുണ്ടായിരിക്കുന്നത്. അവശ്യ മരുന്നുകളുടെ വില വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹൃദ്രോഗികളെയും, ഉയർന്ന രക്ത സമ്മർദ്ദമുള്ളവരെയുമാണെന്നതിനാൽ സർക്കാരിന്റെ നടപടി രോഗികളുടെ രക്തസമ്മർദ്ദം വീണ്ടുമുയർത്തുക തന്നെ ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ പാവപ്പെട്ടവന് രോഗം വന്നാൽ മരിക്കാനാണ് വിധി.

ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെ എപ്രകാരം ബാധിക്കുമെന്ന് ഭരണകർത്താക്കൾ ആത്മപരിശോധന നടത്തണമെന്നാണ് രാഷ്ട്രപിതാവിന്റെ ഉപദേശം. രാഷ്ട്ര പിതാവിന്റെ സന്ദേശങ്ങൾ  പുസ്തകത്താളുകൾ ചത്തു കിടക്കുമ്പോൾ ഭരണാധികാരികൾ മരുന്നുകമ്പനികളുടെ കീശ നിറയ്ക്കാനുള്ള തിരക്കിലാണെന്ന് വേണം കരുതാൻ.

രോഗം വരാതിരിക്കാൻ മുട്ടിൽ നിന്ന് പ്രാർത്ഥിക്കുക മാത്രമാണ് നിലവിലെ സാഹചര്യത്തിൽ കരണീയം. വഴി മുട്ടിയ ജീവിത പരിസരങ്ങളിൽ ദിഗ്ഭ്രമം ബാധിച്ചവരെപ്പോലെ ഉഴലുന്ന പൊതുജനത്തിന്റെ കൂനിയ മുതുകിൻമേലാണ് സർക്കാരുകൾ മത്സര ബുദ്ധിയോടെ വീണ്ടും വീണ്ടും അമിത ഭാരം കയറ്റിവെക്കുന്നത്. മനുഷ്യന്റെ  അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ജലത്തിന് പോലും നികുതി വർദ്ധിപ്പിച്ച് ഖജനാവിൽ മുതൽക്കൂട്ടുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ.

കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഗതാഗത സംവിധാനമാണ് ഓട്ടോറിക്ഷകൾ. ഓട്ടോകളുടെ റജിസ്ട്രേഷൻ നിരക്കുകളും അനുബന്ധ നിരക്കുകളും കേന്ദ്ര സർക്കാർ നൂറിരട്ടിയിലധികം വർദ്ധിപ്പിച്ചത് മൂലം പ്രസ്തുത മേഖലയിലും പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്. സർക്കാരുകൾ ഏർപ്പെടുത്തുന്ന നികുതികൾ പൊതുജന ക്ഷേമ പദ്ധതികൾക്കായി വിയോഗിക്കപ്പെടുമെന്ന് ന്യായ വാദങ്ങൾ നിരത്താമെങ്കിലും, അവശ്യമരുന്നിന്റെ വിലവർദ്ധന മരുന്ന് കമ്പനിയുടമകളുടെ ക്ഷേമം വർദ്ധിക്കാനാണോ  പൗരൻമാർക്ക് ക്ഷേമമുണ്ടാകാനാണോ എന്ന് വിശദീകരിക്കേണ്ടത് ഭരണകൂടമാണ്.

LatestDaily

Read Previous

ഓട്ടോ മറിഞ്ഞ് മരിച്ചയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

Read Next

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികം കാസർകോട് ജില്ലയെ മാത്രം തഴഞ്ഞു