സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ഒന്നിന് പതാക ദിനം

കാഞ്ഞങ്ങാട്:  സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഏപ്രില്‍ 1ന് റെഡ് ഫ്ളാഗ് ഡേയായി ആചരിക്കും. അന്നേദിവസം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും, ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റ് മരിച്ച് വീണ തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നും കണ്ണൂര്‍ കാല്‍ടെക്സിലെ എ.കെ.ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍  തുടര്‍ച്ചയായി റെഡ് ഫ്ളാഗ് ഉയര്‍ത്തിപ്പിടിക്കും.

ഇതിന് പുറമെ കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കു ചെറുകല്ലായി രക്തസാക്ഷി കവാടം വരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തിക്കൊണ്ട് ജനങ്ങള്‍ അണിനിരക്കും. ഫലത്തില്‍ ചങ്ങല പോലെയായിരിക്കും ആപരിപാടി. ഇന്ത്യയില്‍ ഇത്രയും നീളമുള്ള കൊടി ഉയര്‍ത്തിപ്പിടിച്ച മറ്റൊരു പരിപാടിയും രാജ്യത്ത് നടന്നിട്ടില്ല. ആകെ ദേശീയപാതയില്‍ ചെങ്കൊടിയേന്തുന്നത് 82 കീലോമീറ്റര്‍ നീളത്തിലാണ്. അതുകൊണ്ട്

തന്നെ.ഈ പരിപാടി ചരിത്ര സംഭവമായി മാറും. ഈ പരിപാടിയില്‍ പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും, ജനങ്ങളും അണിനിരക്കും. മാര്‍ച്ച് 29 കയ്യൂര്‍ രക്തസാക്ഷിദിനത്തിലാണ് പതാകദിനമായി ആചരിക്കുന്നത്. അന്ന് ജില്ലാ -ഏരിയാ – ലോക്കല്‍-ബ്രാഞ്ച് തലം വരെയുള്ള എല്ലാ പാര്‍ട്ടി ഘടകങ്ങളുടെ കേന്ദ്രങ്ങളിലും പാര്‍ട്ടി മെമ്പര്‍മാരുടെയും, അനുഭാവി ഗ്രൂപ്പ് മെമ്പര്‍മാരുടെയും വീടുകളില്‍ ചെങ്കൊടി ഉയര്‍ത്തും. വീടുകളില്‍ രാവിലെ 7 മണിക്കും, മറ്റ് കേന്ദ്രങ്ങളില്‍ 8 മണിക്കുമായിരിക്കും പരിപാടി. 

മാര്‍ച്ച് 27 ന് രാവിലെ 6 മണി മുതല്‍ പൊതുസമ്മേളന നഗരിയായ കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. മാര്‍ച്ച് 20 ന് ജില്ലയിലെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നേരത്തെ നടത്തിയിരുന്നു.

LatestDaily

Read Previous

മടിക്കൈ സിപിഎമ്മിൽ ജാതി തിരിച്ച് ജോലി

Read Next

മയക്കുമരുന്ന് മാഫിയാ സംഘാംഗം പിടിയിൽ