മടിക്കൈ സിപിഎമ്മിൽ ജാതി തിരിച്ച് ജോലി

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിയും, ഏ.സി. സിക്രട്ടറി എം. രാജനും ജോലി  നൽകാൻ മത്സരിക്കുന്നു

മടിക്കൈ : യാദവ വിഭാഗത്തിൽപ്പെട്ട പാർട്ടി പ്രവർത്തകർക്ക് സിപിഎം ജില്ലാ കമ്മിറ്റിയംഗം പെരിയേടത്ത് ബേബി മടിക്കൈ ബാങ്ക് ശാഖകളിലും ജില്ലാ പഞ്ചായത്ത് ഒാഫീസിലും, ജോലി കൊടുത്തപ്പോൾ, സിപിഎം നീലേശ്വരം ഏരിയാ സിക്രട്ടറി എം. രാജൻ തീയ്യ ജാതിയിൽപ്പെട്ടവർക്ക് ജോലി തരപ്പെടുത്തിക്കൊടുത്ത് ബേബിയോട് പകരം വീട്ടുന്നു. ജാതിക്കാർഡിറക്കി പാർട്ടിയംഗങ്ങൾക്ക് ജോലി കൊടുത്ത സംഭവം കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ പരക്കെ കത്തിപ്പടർന്നു കഴിഞ്ഞു.

മടിക്കൈ ക്ഷീര സഹകരണ സംഘം സിക്രട്ടറി കാഞ്ഞിരപ്പൊയിൽ സ്വദേശി പി.ആർ. ബാലകൃഷ്ണന്റെ വീട്ടിൽ 3 പേർക്ക് ജോലി തരപ്പെടുത്തിയത് പെരിയേടത്ത് ബേബിയാണ്. പി.ആർ. ബാലകൃഷ്ണൻ ജാതി കൊണ്ട് യാദവനാണ്. പി. ബേബിയും യാദവ കുലത്തിലാണ്. പാർട്ടിക്കാരായ യാദവ കുടുംബമാണ് ഇവരുടേത്. ബാലകൃഷ്ണന്റെ മക്കളായ ജ്യോതിഷിനും, രേഷ്മയ്ക്കും പി.ബേബി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് ഒാഫീസിൽ ജോലി നൽകിയപ്പോൾ, ഇവരുടെ പിതാവ് പി.ആർ. ബാലകൃഷ്ണൻ, സിപിഎം നിയന്ത്രണത്തിലുള്ള ക്ഷീര വികസന സൊസൈറ്റിയിൽ സിക്രട്ടറിയുടെ ജോലിയിൽ തുടരുകയാണ്.

മടിക്കൈ മലപ്പച്ചേരിയിൽ പാർട്ടി എൽസിയംഗം കെ. രാജന്റെ ഭാര്യ സിന്ധുവിന് മടിക്കൈ ബാങ്കിൽ ജോലി നൽകിയത് ഇൗ ബാങ്കിന്റെ പ്രസിഡണ്ട് പി. ബേബിയാണ്. കെ. രാജന്റെ മൂത്ത സഹോദരൻ കുഞ്ഞമ്പുവിന്റെ ഭാര്യ ജയലക്ഷ്മിയെ നേരത്തെ മടിക്കൈ ബാങ്കിൽ ജോലിയിൽ കയറ്റിയതും പി. ബേബിയാണ്. സിന്ധുവും യാദവ കുലത്തിൽപ്പെട്ട സ്ത്രീയാണ്. ജയലക്ഷ്മിയും യാദവ സ്ത്രീയാണ്.

യാദവരായ പാർട്ടി പ്രവർത്തകർ മാത്രം ബേബിയുടെ സ്വാധീനത്തിൽ ജോലിയിൽ കയറുന്ന വിഷയം പാർട്ടി ഗ്രാമത്തിൽ പുകയുന്നതിനിടയിൽ, തീയ്യ വിഭാഗത്തിൽപ്പെട്ട ഫോട്ടോഗ്രാഫർ സുരേന്ദ്രന് ദേശാഭിമാനി പത്രത്തിൽ ഫോട്ടോഗ്രാഫറായി ജോലി നൽകാൻ മുന്നിൽ നിന്നത് പാർട്ടി നീലേശ്വരം ഏരിയാ സിക്രട്ടറി എം. രാജനാണ്. സുരേന്ദ്രന്റെ ഭാര്യ ഷീബയ്ക്ക് മടിക്കൈ പഞ്ചായത്ത് ഒാഫീസിൽ അക്കൗണ്ടന്റ് ജോലി തരപ്പെടുത്തിയതും, രാജൻ തന്നെയാണ്. സുരേന്ദ്രന്റെ മൂത്ത സഹോദരൻ രവീന്ദ്രൻ മടിക്കൈ ബാങ്കിൽ സീനിയർ ക്ലാർക്കാണ്. ഇതോടെ ഒരു തീയ്യ കുടുംബത്തിൽ 3 പേർക്ക് രാജൻ ജോലി നൽകി.

എം. രാജൻ മടിക്കൈ പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും, തീയ്യ വിഭാഗത്തിൽപ്പെട്ട പാർട്ടി നേതാവുമാണ്. തത്സമയം തീയ്യനായ കാലിച്ചാംപൊതിയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം രാമചന്ദ്രൻ നേരത്തെ മടിക്കൈ ബാങ്കിന്റെ ചാളക്കടവ് ശാഖയിൽ കലക്ഷൻ ഏജന്റായിരുന്നു. ഇപ്പോൾ രാമചന്ദ്രന്റെ മകനെ ബാങ്കിൽ ജോലിയിൽ കയറ്റിയതും വിവാദമായിട്ടുണ്ട്. പാർട്ടി അമ്പലത്തറ എൽ.സിയംഗം കൃഷ്ണന്റെ മക്കളായ രതീഷും വനജയും, മറ്റൊരു സ്ത്രീയും ജോലിയിൽ കയറിയത് എം. രാജന്റെ പരിശ്രമത്താലാണ്.

ഇവരിൽ രതീഷ് മടിക്കൈ ബാങ്കിലും, വനജ മടിക്കൈ മോഡൽ കോളേജിലും, മറ്റൊരാൾക്ക് മടിക്കൈ അമ്പലത്തറ കൃഷിഭവനിലും ജോലി നൽകിയിട്ടുണ്ട്. മടിക്കൈ എരിക്കുളം ബാങ്ക് ശാഖയിലെ കാവൽക്കാരൻ വിനോദിന്റെ 39, ഉദ്യോഗക്കയറ്റം ബാങ്ക് പ്രസിഡണ്ടായ ബേബി തടഞ്ഞുവെച്ചുവെന്നാണ് പുതിയ ആരോപണം. പകരം ബേബിയുടെ മടിക്കൈയിലെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനായ സതീശന് പ്രമോഷൻ നൽകി ബാങ്കിൽ അറ്റൻഡറായി നിയമനം നൽകി.

യഥാർത്ഥത്തിൽ ഇൗ അറ്റൻഡർ തസ്തിക നൽകേണ്ടത് ബാങ്ക് കാവൽക്കാരനും സീനിയറുമായ വിനോദിനാണ്. വിനോദ് നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്നു. വിനോദിനെ അറ്റൻഡർ തസ്തികയിൽ നിന്ന് തള്ളി താഴെയിട്ട സംഭവത്തിൽ സിഐടിയു ചുമട്ടുതൊഴിലാളികൾ കടുത്ത പ്രതിഷേധത്തിലാണ്.

ഏ.സി. സിക്രട്ടറി എം. രാജന്റെ സഹോദരൻ ഉണ്ണികൃഷ്ണന്റെ മകൻ മിഥുന് മടിക്കൈ ബാങ്കിൽ ജോലി കൊടുക്കാൻ പാർട്ടി തത്വത്തിൽ തീരുമാനിച്ചുവെങ്കിലും, ബാങ്ക് പ്രസിഡണ്ട് പി. ബേബിയും, യുവ നേതാവ് ശശീന്ദ്രൻ മടിക്കൈയും ചേർന്ന് യോദ്ധാവ് എന്ന പേരിൽ ഒരു ഫേസ് ബുക്ക് പേജ് തുറന്ന് ഇൗ നീക്കം പൊളിച്ചുവെന്നാണ് മടിക്കൈ പാർട്ടിയണികളുടെ മറ്റൊരു ആരോപണം. ഇൗ ഫേസ് ബുക്കിൽ സംഭവം വിവാദമായതോടെ, ജോലി വേണ്ടെന്ന് ഉണ്ണികൃഷ്ണന്റെ കുടുംബം സ്വയം തീരുമാനിച്ചിരിക്കുകയാണ്. തീർന്നില്ല, മടിക്കൈയിലെ ജാതിക്കാർഡ് കഥകൾ ഇനിയുമുണ്ട്.

LatestDaily

Read Previous

നീലേശ്വരം പള്ളി ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു

Read Next

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ഒന്നിന് പതാക ദിനം