പോലീസ് തോറ്റു; അശോകൻ ജയിച്ചു

നീലേശ്വരം: ഒടുവിൽ ഒരു കവർച്ചാ പ്രതിക്ക് മുന്നിൽ ഹൊസ്ദുർഗ് പോലീസ് മാനം പണയപ്പെടുത്തി. കമ്മ്യൂണിസ്റ്റ് ഭൂരിപക്ഷ പ്രദേശമായ മടിക്കൈ നാട്ടിൽ യുവതിയെ തലയ്ക്കടിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്ത കേസ്സിലും, പുലർകാലം സ്ഥലത്തുള്ള കൃഷിക്കാരന്റെ വീട്ടിൽക്കയറി സ്വർണ്ണവും പണവും കവർന്ന കേസ്സിലും പ്രതിയായ മടിക്കൈയിലെ കറുകവളപ്പിൽ അശോകന് 32, മുന്നിലാണ് പോലീസ് കീഴടങ്ങിയത്.

കവർച്ചകൾ നടത്തി മടിക്കൈ പ്രദേശത്തെ നാന്നൂറ് ഏക്കർ കുന്നിൻ  ചെരിവിലുള്ള രഹസ്യ താവളത്തിൽ കഴിഞ്ഞ മൂന്നു മാസക്കാലമായി അശോകൻ ഒളിച്ചുപാർക്കുകയാണ്. ആദ്യ കവർച്ചയ്ക്ക് ശേഷം കാട്ടിലേക്ക് മുങ്ങിയ അശോകൻ ഒളിവിൽ കഴിയുമ്പോൾ തന്നെ നാട്ടിലെത്തി പട്ടാപ്പകൽ വീട്ടിൽക്കയറി യുവഭർതൃമതിയുടെ തലയ്ക്ക് വിറകുകൊള്ളികൊണ്ടടിച്ച് ബോധരഹിതയാക്കി കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി കാതിലും കഴുത്തിലുമുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു.

പോലീസ് കഴിഞ്ഞ ഒരു മാസക്കാലമായി അശോകന് വേണ്ടി കാടും, കുന്നും അരിച്ചുപെറുക്കിയെങ്കിലും അശോകനെ മാത്രം കണ്ടുകിട്ടിയില്ല. കാട്ടിൽ ആകാശത്ത്  ഡ്രോൺ  പറത്തിയും, നേരിട്ട് കാട്ടിലിറങ്ങിയും സകല സന്നാഹങ്ങളുമായി പോലീസ് ഈ കവർച്ചാ പ്രതിക്ക് വേണ്ടി ഒരു മാസക്കാലം  പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചുവെങ്കിലും, മടിക്കൈ സ്വദേശി തന്നെയായ അശോകന്റെ പൊടിപോലും കണ്ടെത്താൻ കഴിയാതെ പിൻമാറുകയായിരുന്നു.

അശോകൻ ഒളിച്ചുപാർക്കുന്ന കറുകവളപ്പ്  കാട്ടിലേക്കുള്ള വഴിയിൽ രാപ്പകൽ ഒരു പോലീസ് വണ്ടിയും സേനയും കാവലിരിക്കുന്നുണ്ടെങ്കിലും വീരശൂര പരാക്രമിയായി മാറിയ അശോകൻ ഇപ്പോഴും പോലീസിന്റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് കാട്ടിൽ തന്നെയാണ്.

LatestDaily

Read Previous

സിപിഐ ഇടപെട്ടു ; മന്ത്രി ഉദ്ഘാടനത്തിനെത്തിയില്ല

Read Next

നീലേശ്വരം പള്ളി ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു