സിപിഐ ഇടപെട്ടു ; മന്ത്രി ഉദ്ഘാടനത്തിനെത്തിയില്ല

കാലിക്കടവ് : ക്ഷീര വികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടറും വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക ഘടകവും തമ്മിലുള്ള ശീത സമരത്തെത്തുടർന്ന് ഇന്നലെ കാലിക്കടവിൽ നടന്ന ജില്ലാതല ക്ഷീരകർഷക സംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും മന്ത്രി വിട്ടുനിന്നു. ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ സംഘാടക സമിതിയിൽ നിന്ന് സിപിഐ പ്രതിനിധികളെ ഒഴിവാക്കിയതാണ് സിപിഐ പ്രാദേശിക ഘടകവും ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജീജാ.സി. കൃഷ്ണനും തമ്മിൽ മാനസികമായി അകലാൻ കാരണം.

സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് പോലും ക്ഷീര വികസന വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കളെ ക്ഷണിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നു. കാലിക്കടവിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്ഷീര കർഷക സംഗമത്തിന്റെ സമാപനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാൻ സംഘാടകർ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയെ ക്ഷണിച്ചിരുന്നു. സംഘാടക സമിതിയിലുൾപ്പെടുത്താത്തതിനാൽ സിപിഐ ഇടങ്കോലിട്ടതിനെത്തുടർന്ന് മന്ത്രി ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നില്ല. ഓൺലൈനിലൂടെയാണ് ഇന്നലെ മന്ത്രി ക്ഷീര കർഷക സംഗമത്തിന്റെ സമാപനച്ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്.

സിപിഐ ഇടുക്കി ജില്ലാ ഘടകത്തിന്റെ അപ്രീതിയെത്തുടർന്ന് സ്ഥലം മാറ്റപ്പെട്ടയാളാണ് നിലവിലെ കാസർകോട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറായ ജീജാ.സി.കൃഷ്ണൻ. പിലിക്കോട് പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സംഘാടകർ സിപിഎം നിയന്ത്രണത്തിലുള്ള ക്ഷീര സഹകരണ സംഘമാണ്. പിലിക്കോട് പഞ്ചായത്തിലെ സിപിഐ അംഗമായ രവീന്ദ്രൻ മാണിയാട്ടിനെയോ, സിപിഐ നേതാവും, മിൽമ ഡയകറക്ടർ ബോർഡ് അംഗവുമായ നാരായണനെയോ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഇന്നലെ നടന്ന ക്ഷീരകർഷക സംഗമത്തിന്റെ സമാപന ചടങ്ങിൽ ഇരുവരും  സദസ്സിലുണ്ടായിരുന്നു. ലീഗും ബിജെപിയുമടക്കമുള്ള മുഴുവൻ രാഷ്ട്രീയ സംഘടനകളുടെയും നേതാക്കൾ സമാപന സമ്മേളനത്തിന്റെ വേദിയിലിരുന്നപ്പോഴാണ് ഭരണ കക്ഷിയിലെ പ്രാദേശിക നേതാക്കൾക്ക് സദസ്സിൽ ഇരിക്കേണ്ടി വന്നത്. സിപിഐയുടെ അപ്രീതിക്ക് പാത്രമായി ഇടുക്കിയിൽ നിന്നും കാസർകോട്ടേയ്ക്ക് സ്ഥലം മാറ്റിയ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ ഇവിടെ നിന്നും വീണ്ടും സ്ഥലം മാറ്റുമോയെന്നതാണ് ജില്ല ഉറ്റുനോക്കുന്നത്.

LatestDaily

Read Previous

സമുദായ ഭ്രഷ്ടിനെതിരെ പ്രതിഷേധം ശക്തം

Read Next

പോലീസ് തോറ്റു; അശോകൻ ജയിച്ചു